ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് നഗരസഭാ കൗൺസിലർക്കെതിരെ കേസ്

നെയ്യാറ്റിന്‍കര പെരുമ്പഴുതൂരില്‍ ബേക്കറി നടത്തുന്ന സ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, നെയ്യാറ്റിന്‍കര നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജെ. ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബേക്കറിക്ക് വായ്പ അനുവദിച്ചു തരാമെന്ന വാഗ്ദാനവുമായി സമീപിച്ച കൗണ്‍സിലര്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചൂഷണ ശ്രമം നടത്തുകയും ചെയ്തതായി സ്ത്രീ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജോസിനെതിരെ കേസ് എടുത്തത്. നിലവിൽ അദ്ദേഹം ഒളിവിലാണ്.
വായ്പ സംബന്ധിച്ച് കൗണ്‍സിലര്‍ അമ്മയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് മകന് പൊലീസിനോട് മൊഴി നല്കി. മക്കള്‍ക്കായി എഴുതിയ രണ്ട് ആത്മഹത്യക്കുറിപ്പുകളും പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. ആത്മഹത്യക്കുറിപ്പില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടമ്മ ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആദ്യം അടുപ്പില്‍നിന്ന് തീപടര്‍ന്ന് അപകടമെന്നായിരുന്നു പൊലീസിന്റെ നിഗമനം, എന്നാല്‍ തുടര്‍ന്നുണ്ടായ ആത്മഹത്യക്കുറിപ്പിന്റെ കണ്ടെത്തലോടെ കേസ് ആത്മഹത്യയാക്കി മാറ്റുകയായിരുന്നു.
Tag: Case filed against Congress municipal councilor over bakery owner’s suicide