ക്യാപ്റ്റൻ പരാമർശം; മുഖ്യമന്ത്രിയെ പിന്തുണച്ച് എ. വിജയരാഘവൻ

തിരുവനന്തപുരം: ക്യാപ്റ്റൻ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. മുഖ്യമന്ത്രിക്കുള്ള അംഗീകാരമാണ് ഈ പരാമർശമെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നതെന്നും വിജയരാഘവൻ പറഞ്ഞു. മികച്ച നേതൃപാടവമുള്ളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിപിഎമ്മിലെ വ്യക്തിപൂജയ്ക്കെതിരേ തുറന്ന വിമർശനവുമായി പി.ജയരാജൻ രംഗത്തെത്തി. പാർട്ടിയാണ് യഥാർഥ ക്യാപ്റ്റനെന്നും ഇവിടെ എല്ലാവരും സഖാക്കളാണെന്നും ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നംവച്ച് ഫേസ്ബുക്കിൽ കുറിച്ചു.
വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്. ജനങ്ങൾ പലതരത്തിലും സ്നേഹം പ്രകടിപ്പിക്കും. എന്നാൽ കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
നേരത്തേ, വ്യക്തിപൂജ വിവാദത്തെ തുടർന്ന് നടപടി നേരിട്ട നേതാവാണ് പി. ജയരാജൻ. ജയരാജനെ പുകഴ്ത്തി പാട്ടിറക്കിയതാണ് നടപടിക്ക് കാരണമായിരുന്നത്.