വിദേശത്തെ കേസ് അന്വേഷണം അക്കരെ അക്കരെ സിനിമയിലേതു പോലെയല്ല; എൻഐഎ കോടതിയിൽ’

കൊച്ചി: വിദേശത്തെ കേസ് അന്വേഷണം എളുപ്പമല്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിൽ. മോഹൻലാലും ശ്രീനിവാസനും സിഐഡിമാരായ അക്കരെ അക്കരെ അക്കരെ സിനിമയിലേതു പോലെയല്ല ഇത്. സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്‌ന സുരേഷ്, പിഎസ് സരിത് എന്നിവർ ഉൾപ്പെടെയുള്ളവരെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് എൻഐഎ അഭിഭാഷകൻ അർജുൻ അമ്പലപ്പറ്റി കോടതിയിൽ ഈ പരാമർശം നടത്തിയത്.
നാട്ടിൽനിന്നു കാണാതായ സ്വർണക്കിരീടം തേടി മോഹൻലാലും ശ്രീനിവാസനും അമേരിക്കയിൽ അന്വേഷണത്തിനു പോവുന്നതാണ് സിനിമയിലെ കഥ. മലയാളി ഏറെ സ്വീകരിച്ച കഥാപാത്രങ്ങളായ ദാസനെയും വിജയനെയും പരാമർശിച്ചുകൊണ്ടാണ്, എൻഐഎ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തത്. കേസിനു രാജ്യാന്തര ബന്ധമുണ്ടെന്നു പറയുന്ന എൻഐഎ കുറ്റപത്രത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
വിദേശത്തെ അന്വേഷണം സമയമെടുക്കുന്ന പ്രക്രിയയാണെന്ന് എൻഐഎ അഭിഭാഷകൻ പറഞ്ഞ. എവിടെ നിന്നൊക്കെയാണ് കള്ളക്കടത്തിനായി സ്വർണം വാങ്ങിയതെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി റിവേഴ്‌സ് ഹവാല വഴി പണം സമാഹരിച്ചതിനെക്കുറിച്ചു പരിശോധിച്ചു വരികയാണ്. യുഎഇ അധികൃതരുടെ മേൽനോട്ടത്തിലാണ് വിദേശത്തെ അന്വേഷണം നടത്തേണ്ടതെന്നും എൻഐഎ അറിയിച്ചു.
യുഎപിഎ പതിനഞ്ചാം വകുപ്പു പ്രകാരം ഭീകരതാ കുറ്റം ചുമത്താൻ സ്വർണക്കടത്തിലൂടെ നേടിയ പണം ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കണമെന്നില്ലെന്ന് എൻഐഎ വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു അയച്ച കത്തിനു പുറമേ കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരങ്ങളും സ്വർണക്കടത്ത് കേസ് ഏറ്റെടുക്കാൻ കാരണമായിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.