ബഹ്‌റൈൻ മെട്രോ പദ്ധതി; ആദ്യഘട്ടം നിക്ഷേപകർക്കും സംരംഭകർക്കും മുമ്പിൽ അവതരിപ്പിച്ച് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം

മനാമ: ബഹ്‌റൈൻ മെട്രോ പദ്ധതി അന്താരാഷ്ട്ര നിക്ഷേപകർക്കും സംരംഭകർക്കും മുമ്പിൽ അവതരിപ്പിച്ച് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം. 200 കോടി ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് ബഹ്‌റൈൻ മെട്രോ പദ്ധതി. സ്വകാര്യ മേഖലയിലെ നിക്ഷേപകരെ പങ്കെടുപ്പിച്ച് ഇന്നലെ വെർച്വൽ സംഗമം നടത്തിയിരുന്നു. ‘ബഹ്‌റൈൻ മെട്രോ മാർക്കറ്റ് കൺസൾട്ടേഷൻ’ എന്ന് പേരിലാണ് വെർച്വൽ സംഗമം സംഘടിപ്പിച്ചത്.
ബഹ്‌റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം നിക്ഷേപകർക്ക് പരിചയപ്പെടുത്തിയ വെർച്വൽ സംഗമത്തിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും പങ്കെടുത്തിരുന്നു. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമൊരുക്കി നിക്ഷേപ മേഖലയിൽ ബഹ്‌റൈന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്ന സ്വപ്‌ന പദ്ധതിയാണ് ബഹ്‌റൈൻ മെട്രോയെന്ന് ശൈഖ് സൽമാൻ ബിൻ ഖലീഫ പറഞ്ഞു. പദ്ധതി പരിചയപ്പെടുത്തുന്നതിനൊപ്പം സാങ്കേതിക, സാമ്പത്തിക, നിയമ വശങ്ങളുൾപ്പെടെ മുമ്പ് നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളും വെർച്വൽ സംഗമത്തിൽ അവതരിപ്പിച്ചു.
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 109 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് മെട്രോ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 28.6 കിലോമീറ്റർ നീളത്തിലാണ് പദ്ധതി നടപ്പിലാക്കുക. രണ്ടു പാതകളിലായി 20 സ്റ്റേഷനുകളാണ് ഈ ഘട്ടത്തിൽ ഉണ്ടാകുക. രണ്ടു പാതകളെ ബന്ധിപ്പിക്കുന്ന രണ്ട് ഇന്റർ ചേഞ്ചുകളും ഉണ്ടാകും. ഇവ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം, പ്രധാനപ്പെട്ട താമസ, വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതുമാണ്. രാജ്യത്ത് വേഗതയേറിയ, സുരക്ഷിതമായ, ആശ്രയിക്കാവുന്ന ഗതാഗത സംവിധാനം ഒരുക്കുക വഴി ജനങ്ങളുടെ ജീവിതനിലവാരവും ഉയർത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.