
പക്ഷികള്‍ക്ക് തീറ്റ കൊടുത്തത് ധവാനാണെങ്കിലും നിയമനടപടികള്‍ തോണിക്കാരനെതിരെയാകും. പക്ഷിപ്പനി നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നതിനാണ് നടപടി. ഗംഗ നദിയില്‍ തോണിയിലിരുന്നാണ്് ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ പക്ഷികള്‍ക്ക് തീറ്റ നല്‍കിയത്. സംഭവത്തില്‍ തോണിക്കാരനെതിരെ നടപടിയെടുക്കുമെന്ന് വാരണാസി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ വാരണാസിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം പക്ഷികള്‍ക്ക് തീറ്റ നല്‍കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതേസമയം, ധവാനെതിരെ നടപടിയുണ്ടാവില്ലെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പക്ഷികള്‍ക്ക് തീറ്റ നല്‍കുന്ന ചിത്രം ശിഖര്‍ ധവാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. വാരണാസി ജില്ല മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മയാണ് തോണിക്കാരനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചത്. വാരണാസിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളെ കുറിച്ച് അറിവുണ്ടാവണമെന്നില്ല. അതിനാലാണ് തോണിയുടമക്കെതിരെ നടപടിയെടുക്കുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.