ദൈവം പറഞ്ഞിട്ടാണ് താൻ കൊന്നത്: പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

പാലക്കാട്: ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലർച്ചെ നാലിന് പാലക്കാട് നഗരത്തിനു സമീപം പൂളക്കാട് ആണ് ദാരുണസംഭവം അരങ്ങേറിയത്. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിലെ കുളിമുറിയിൽവച്ചാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ഷാഹിദ തന്നെയാണ് പോലീസിനെ ഫോൺ വിളിച്ച് വിവരം പറഞ്ഞത്. സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.
പോലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താൻ കൊന്നത് എന്ന് ഷാഹിദ പറഞ്ഞെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം.
ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാൻ ദമ്പതികൾക്കുള്ളത്. ഇതിൽ മൂന്നാമത്തെയാളാണ് ആമിൽ. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.