‘എല്ലാ കോട്ടകൊത്തളങ്ങളും തകർന്നുവീഴും, പുതുപ്പള്ളി മാറും’ ജെയ്ക് സി തോമസ്

പുതുപ്പള്ളി മണ്ഡലം ഇത്തവണ മാറുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്.സി.തോമസ്. എല്ലാ കാലത്തും യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളിയിലെ പഞ്ചായത്ത് ഭരണം 25 കൊല്ലത്തിന് ശേഷം ഇടതുപക്ഷം വിജയിച്ചതിൻറെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ജെയ്കിൻറെ ഫേസ്ബുക് പോസ്റ്റ്.
കോൺഗ്രസിൻറെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന പുതുപ്പള്ളി 1970 മുതൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ്. മണ്ഡലം രൂപീകൃതമായതിന് ശേഷം 1967ൽ മാത്രം ആണ് സി.പി.എമ്മിന് പുതുപ്പള്ളിയിൽ ജയിക്കാനായത്. ഇ.എം ജോർജ് ആയിരുന്നു അന്ന് ഇടതുപക്ഷത്തിൻറെ സ്ഥാനാർഥി.
2016ലും ഇടതുപക്ഷം പുതുപ്പള്ളിയിൽ പോരാടാനുള്ള ദൌത്യം ഏൽപ്പിച്ചത് ജെയ്ക്.സി.തോമസിനെയാണ്. അന്ന് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡൻറ് ആയിരിക്കെയാണ് ജെയ്ക്.സി തോമസ് ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നത്.അന്ന് സി.പി.എം ടിക്കറ്റിൽ മത്സരിച്ച ജെയ്ക്കിന് ഇടതുപക്ഷത്തിൻറെ വോട്ട് വിഹിതം കൂട്ടാൻ സാധിച്ചിരുന്നു. എങ്കിലും സിറ്റിങ് എം.എൽ.എയും അന്നത്തെ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയെ അട്ടിമറിക്കാനുള്ള കരുത്തൊന്നും അവിടെ ഇടതുപക്ഷത്തിനില്ലായിരുന്നു എന്ന് പറയേണ്ടിവരും.
എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറി. 25 വർഷത്തിന് ശേഷം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളാണ് ഇന്ന് ഇടതുപക്ഷം ഭരിക്കുന്നത്. ഈ മാറിയ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് വിശ്വാസത്തിലാണ് ജെയ്ക്.സി തോമസും എൽ.ഡി.എഫും. രണ്ടാം തവണയും പുതുപ്പള്ളിയിൽ കടുത്ത പോരാട്ടം കാഴ്ചവെക്കാനും, സാധിച്ചാൽ അട്ടിമറി വിജയം നേടാനും സിപിഎം ഇറക്കിയത് ജെയ്ക്കിനെ തന്നെയാണ്. നിലവിൽ സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് ജെയ്ക് സി തോമസ്.
ജെയ്ക്.സി.തോമസിൻറെ ഫേസ്ബുക് പോസ്റ്റിൻറെ പൂർണരൂപം
എല്ലാ കാലത്തും യു ഡി എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവർ ഒടുവിൽ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. കോട്ട കൊത്തളങ്ങൾ തകർന്നു വീഴുക തന്നെ ചെയ്യും. നമുക്കു ഒന്നിച്ചു നിന്ന് പുതിയ പുതുപ്പള്ളിക്കായി പ്രവർത്തിക്കാം.