പ്രതിഷേധിക്കാനുള്ള സാഹചര്യമൊന്നും പട്ടികയിൽ ഇല്ല; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്

തൃശൂർ: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് ആലത്തൂർ എംപി രമ്യ ഹരിദാസ്. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായം ഇല്ല. ജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നും രമ്യ ഹരിദാസ് തൃശൂരിൽ പറഞ്ഞു.
ലതിക സുഭാഷ് പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടിക അല്ലന്നാണ് രമ്യ ഹരിദാസ് അഭിപ്രായപ്പെടുന്നത്. ലതിക സുഭാഷ് പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്. ലതിക സ്വതന്ത്ര സ്ഥാനാർഥിയാകും എന്നു കരുതുന്നില്ല. ഇത് സംബന്ധിച്ച വാർത്തകൾ എല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തല മുണ്ഡനം ചെയ്താണ് അവർ വൈകാരിക പ്രതിഷേധം പങ്കുവെച്ചത്. പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവച്ചിരുന്നു. ലതികാ സുഭാഷ് പാർട്ടി വിട്ടതിന് പിന്നാലെ പല നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് രമ്യ ഹരിദാസിന്റെ പ്രതികരണം.