കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്; 14 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു
കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്തിന് സഹായം നൽകിയെന്ന സൂചനയെ തുടർന്ന് കരിപ്പൂർ വിമാനത്താവള സിബിഐ റെയ്ഡ്. കസ്റ്റംസ് സൂപ്രണ്ടുമാരുൾപ്പെടെ 14 പേർക്ക് എതിരെ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് റെയ്ഡ് നടത്തി കേസ് രജിസ്റ്റർ ചെയ്തത്. നടപടിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
കള്ളക്കടത്തിന് അടക്കം ഇവർ സഹായം നൽകിയെന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരുൾപ്പെടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ സിബിഐ കൊച്ചി യൂണിറ്റിൻ്റെ റെയ്ഡ് പുരോഗമിക്കുകയാണ്. രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. ഈ വർഷം ജനുവരിയിൽ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ സിബിഐ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവീൽദാർ ഫ്രാൻസീസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിബിഐ നടത്തിയ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും പിടികൂടിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് പണവും സ്വർണവും പിടികൂടിയത്.