ഡി കെ ശിവകുമാറിൻ്റെ കേന്ദ്രങ്ങളിൽ സി ബി ഐ റെയ്ഡ്: 50 ലക്ഷം പിടിച്ചെടുത്തു

കർണാടക പി.സി.സി അധ്യക്ഷൻ ഡി. കെ ശിവകുമാർ, അദ്ദേഹത്തിന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ ഡി. കെ സുരേഷ് എന്നിവരുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇരുവരുടെ വീട്ടിലും ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിലുമാണ് സി.ബി.ഐ ഇന്ന് റെയ്ഡ് നടത്തിയത്. കർണാടക, ദൽഹി, മുംബൈ എന്നിവിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. റെയ്ഡിനെ തുടർന്ന് ശിവകുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായും പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ കോൺഗ്രസ് നേതാവ് ഡി. കെ ശിവകുമാറിനെതിരെ അഴിമതി ആരോപിച്ച് കേസെടുക്കാൻ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് അനുമതി നൽകിയിരുന്നു.
2017 ഓഗസ്റ്റിലും ഡി. കെ ശിവകുമാറും ഡി. കെ സുരേഷ് കുമാറുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളിൽ ഇൻകം ടാക്സ് ഡിപാർട്ട്മെന്റ് റെയ്ഡ് നടത്തിയിരുന്നു. ദൽഹി, ചെന്നൈ, കർണാടക എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയിരുന്നത്. അക്കാലത്ത് ശിവകുമാർ കർണാടക മന്ത്രിയായിരുന്നു. അന്ന് ശിവകുമാറിൽ നിന്ന് കണക്കിൽപെടാത്ത 10 കോടി കണ്ടെത്തിയതായി ഇൻകം ടാക്സ് വകുപ്പ് പറഞ്ഞിരുന്നു.
2019 സെപ്തംബറിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡി. കെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്ചെയ്
തിരുന്നു. തുടർന്ന് ഒക്ടോബർ 23ന് ദൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങുകയായിരുന്നു.
അതേ സമയം സി.ബി.ഐ റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ തന്നെ കർണാടക സർക്കാരിനെ വിമർശിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക വക്താവ് രൺദീപ് സുർജേവാല രംഗത്തെത്തിയിരുന്നു. സി.ബി.ഐ സർക്കാരിന്റെ കയ്യിലെ കളിപ്പാവയായി മാറിയെന്നും ഈ റെയ്ഡ് കൊണ്ടൊന്നും തങ്ങളെ തളർത്താനാവില്ലെന്നുമായിരുന്നു സുർജേവാലയുടെ പ്രതികരണം.യെദിയൂരപ്പ സർക്കാരിന്റെ അഴിമതിയും സി.ബി.ഐ കണ്ടെത്തണം. പക്ഷെ ഈ ‘റെയ്ഡ് രാജ്’ അവരുടെ കുടില തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
സി.ബി.ഐയുടെ ആക്രമണം ബി.ജെ.പിയുടെ സ്ഥിരം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ സി.ബി.ഐ
ആക്രമണത്തിൽ തങ്ങൾഅപലപിക്കുന്നന്നെന്ന് കർണാടക പി.സി.സിയും പ്രതികരിച്ചിരുന്നു.