Kerala NewsLatest NewsNews

ഉമ്മന്‍ചാണ്ടി,എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ പ്രതികള്‍; സി ബി ഐ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി:സോളാര്‍ പീഡനക്കേസില്‍ സി ബി ഐ അന്വേഷണം തുടങ്ങി. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരിയോട് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാവാന്‍ സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ പ്രതികളായ കേസുകളാണ് സര്‍ക്കാര്‍ സി.ബി.ഐക്കു കൈമാറി വിജ്ഞാപനമിറക്കിയത്.

പൊലീസിന്റെ കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്നു കാണിച്ച്‌ പരാതിക്കാരി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം സര്‍ക്കാര്‍ സി ബി ഐയ്ക്ക് വിട്ടത്. സോളാര്‍ കേസിലെ പ്രതിയായ പരാതിക്കാരിയെ ഔദ്യോഗിക വസതികള്‍ ഉള്‍പ്പടെ പലസ്ഥലങ്ങളിലും വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2016-ലാണ് പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും ലൈംഗിക പീഡനങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ്ക്ക് വിടുന്നത് വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഇടപാട് എന്നിവയില്‍ സി.ബി.ഐ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ എതിര്‍ക്കുന്ന സംസ്ഥാനസര്‍ക്കാര്‍ സോളാര്‍ കേസില്‍ മറിച്ചൊരു തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടിട്ടെന്നായിരുന്നു യു.ഡി.എഫ്. ആരോപണം. എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button