രാഷ്ട്രീയ നിലപാടുകൾ മലക്കം മറിഞ്ഞു, എൽ ഡി എഫ് റാന്നി പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ അധികാരം പിടിച്ചു.

പത്തനംതിട്ട / തെരഞ്ഞെടുപ്പിലെ, മത്സര ഗോഥായിൽ കേരളത്തിലൊന്നടങ്കവും, വോട്ടർമാരോടും പറഞ്ഞിരുന്ന രാഷ്ട്രീയ നിലപാടുകളിൽ നിന്നെല്ലാം മലക്കം മറിഞ്ഞു എൽ ഡി എഫ് റാന്നി പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തി. രണ്ടു ബി ജെ പി മെമ്പർമാരുടെ പിന്തുണയോടെ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ ശോഭാ ചാർളിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാടുകൾക്ക് പുല്ലുവിലയാണെന്നും, അധികാര കസേരയാണ് മുഖ്യമെന്നു എൽ ഡി എഫ് തെളിയിച്ചപ്പോൾ,തങ്ങൾക്കും അധികാരക്കൊതിയുണ്ടെന്നും, എൽ ഡി എഫിനൊപ്പം കൈകോർക്കുമെന്നും ബിജെ പി കേരളത്തെ കാണിച്ചു തന്നിരിക്കുകയാണ്. എൽഡിഎഫും യുഡിഎഫും അഞ്ചു വീതം അംഗങ്ങളുമായി തുല്യത പാലിച്ച റാന്നി പഞ്ചായത്തിൽ, സ്വതന്ത്ര അംഗത്തെ പ്രസിഡന്റാക്കി ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കമാണ് ബിജെപി പിന്തുണയോടെ എൽഡിഎഫ് തകർത്ത് തരിപ്പണമാക്കിയത്. ബിജെപിയുടെ 2 അംഗങ്ങളും എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ചു. പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം ഒടുവിൽ യുഡിഎഫിന് ലഭിച്ചു. എൽഡിഎഫിൽ സിപിഎമ്മിന് നാല് സീറ്റുകളും കേരള കോൺഗ്രസി(എം)ന് ഒരു സീറ്റുമാണുള്ളത്. യുഡിഎഫിൽ കോൺഗ്രസ് നാലിടത്തും, കേരള കോൺഗ്രസ് (ജോസഫ്) ഒരിടത്തും വിജയിക്കുകയായിരുന്നു.