സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടണമെന്ന സിഡിപിഒ നിർദേശം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ
സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടണമെന്ന ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (സിഡിപിഒ) ജ്യോതിഷ് മതി നൽകിയ നിർദേശത്തെ തുടർന്ന് വർകലയിലെ ഐസിഡിഎസ് ഓഫീസിന് മുന്നിൽ വിവാദവും പ്രതിഷേധവും രൂക്ഷമായി. നിർദേശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിൽ കടന്നുകയറി.
സിഡിപിഒ അങ്കണവാടി ടീച്ചർമാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശത്തിൽ, വർകലയിലെ എല്ലാ അങ്കണവാടികളിലും കുട്ടികൾക്ക് രാഖി കെട്ടുകയും അതിന്റെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവെക്കുകയും, പിന്നീട് കേന്ദ്രസർക്കാരിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. രാഖിയുടെ മാതൃകയും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.
ഈ നിർദേശത്തിനെതിരെ, ഹർ ഘർ തിരംഗ പരിപാടിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ സർക്കുലറിൽ ഇത്തരം നിർദ്ദേശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ സമരം നടത്തിയത്. സമരക്കാരിൽ ചിലർ ഓഫീസിന്റെ ബോർഡിൽ ‘ആർഎസ്എസ്’ എന്ന് എഴുതിപ്പതിച്ചു.
അതേസമയം, നിർദേശ പ്രകാരം മിക്ക അങ്കണവാടികളിലും കുട്ടികൾക്ക് രാഖി കെട്ടൽ നടന്നു. വർകലയിലെ കണ്ണമ്പ, ചാലുവിള അങ്കണവാടികളിൽ ബിജെപിയുടെ നഗരസഭ കൗൺസിലർ പ്രീയ ഗോപൻ തന്നെയാണ് രാഖി കെട്ടിയത്. “ടീച്ചർമാർ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞതിനാലാണ് രാഖി കെട്ടിയത്, രക്ഷിതാക്കൾ കൊണ്ടുവന്ന രാഖിയാണ് ഉപയോഗിച്ചത്” എന്നാണ് അവരുടെ വിശദീകരണം. സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിഡിപിഒ ജ്യോതിഷ് മതി അറിയിച്ചു.
Tag: CDPO s directive to tie rakhi to children in Anganwadis on Independence Day; DYFI activists protest