കേന്ദ്ര നിർദേശം കർഷകർ തള്ളി, നിയമങ്ങൾ പിൻവലിക്കും വരെ സമരം

ന്യൂഡൽഹി / കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശവും കർഷകർ തള്ളി. വിവാദ നിയമങ്ങൾ മൂന്നും പൂർണമായും പിൻവലിക്കുംവരെ സമരം തുടരുമെന്ന നിലപാടിൽ തന്നെയാണ് കർഷക സംഘടനകൾ. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്.
കർഷക സംഘടനകളുടെ സിങ്കു അതിർത്തിയിൽ നടന്ന സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും റദ്ദാക്കണമെന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന പുതിയ നിയമം വേണമെന്നും കർഷകരുടെ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കർഷകരുമായി സർക്കാർ നടത്തിയ പത്താം തവണത്തെ ചർച്ചയിലാണ് 18 മാസം വരെ പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന നിർദേശം സർക്കാർ മുന്നോട്ടു വെക്കുന്നത്. എന്നാൽ ഇതിനോട് ഉടനെ കർഷക പ്രതിനിധികൾ പ്രതികരിച്ചിരുന്നില്ല.
കാർഷികരംഗത്തെ വിഷയങ്ങൾ സമഗ്രമായി പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിക്കുമെന്നും, കർഷക പ്രതിനിധികളെ ഇതിൽ ഉൾപ്പെടുത്തുമെന്നും, സമിതിയുടെ റിപ്പോർട്ട് നൽകുന്നതുവരെ ഒന്നര വർഷം നിയമങ്ങൾ നടപ്പാക്കില്ലെന്നുമായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. സമിതി മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ നടപ്പാക്കുമെന്നും, ഒപ്പം ഇക്കാര്യങ്ങൾ വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകാമെന്നുമാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷക സംഘടന പ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നത്.