ലോകകപ്പിന് ശേഷം ബ്രാൻഡ് വാല്യു ഉയർത്തി താരങ്ങൾ; ജമീമയുടെ ബ്രാൻഡ് മൂല്യം 75 ലക്ഷത്തിൽ നിന്ന് 1.5 കോടിയിലേക്ക്

ഏകദിന വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ച് കിരീടം നേടിയതോടെ ഇന്ത്യൻ താരങ്ങളുടെ ബ്രാൻഡ് മൂല്യം അതിവേഗം ഉയർന്നിരിക്കുകയാണ്. വിജയത്തിന് പിന്നാലെ താരങ്ങളുമായി കരാർ ചെയ്യാൻ പരസ്യ ഏജൻസികളും ബ്രാൻഡുകളും നിരന്നിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടീമിലെ പ്രമുഖ താരങ്ങളായ ജമീമ റോഡ്രിഗസ്, സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, ഷെഫാലി വർമ്മ എന്നിവരുടെ സോഷ്യൽ മീഡിയ ഫോളോവിംഗിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ സെഞ്ചുറിയോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജമീമ റോഡ്രിഗസിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ്. ലോകകപ്പിന് ശേഷമുള്ള ദിവസങ്ങളിൽ ജമീമയുടെ ബ്രാൻഡ് മൂല്യം ഇരട്ടിയായി. മുൻപ് ഒരു പരസ്യത്തിന് 75 ലക്ഷം രൂപ വാങ്ങിയിരുന്ന താരം, ഇപ്പോൾ 1.5 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് വിവരം.
ജമീമയുടെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ജെഎസ്‌ഡബ്ല്യു സ്‌പോർട്സ് ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ കരൺ യാദവ് പറഞ്ഞു: “ഓസ്ട്രേലിയക്കെതിരായ മത്സരത്തിനു പിന്നാലെ തന്നെ നിരവധി ബ്രാൻഡുകളിൽ നിന്ന് സമീപനം ലഭിച്ചു. ഇപ്പോൾ 12 വ്യത്യസ്ത വിഭാഗങ്ങളിലായി ചർച്ചകൾ പുരോഗമിക്കുകയാണ്.”
ഇന്ത്യൻ വനിതാ താരങ്ങളിൽ പരസ്യവരുമാനത്തിൽ മുന്നിലാണ് സ്മൃതി മന്ഥന. റെക്സോന, നൈക്കി, ഹ്യൂണ്ടായി, എസ്ബിഐ തുടങ്ങിയ 16 പ്രമുഖ കമ്പനികളുമായി കരാറുള്ള സ്മൃതി, ഓരോ ബ്രാൻഡിൽ നിന്നുമുള്ള പ്രതിഫലമായി 1.5 കോടി മുതൽ 2 കോടി രൂപ വരെയാണ് ഇപ്പോൾ വാങ്ങുന്നത്.
Tag: Celebrities increase brand value after World Cup; Jemimah’s brand value increases from Rs 75 lakh to Rs 1.5 crore
				


