പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയിലാക്കാന്‍ കേന്ദ്രം; എതിര്‍ത്ത് കേരളം
ന്യൂഡല്‍ഹി: അനുദിനം വില കുതിച്ചുയരുന്ന പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയിലേക്കു വരുന്നതോടെ പെട്രോളും ഡീസലിനുമെല്ലാം വന്‍ വിലക്കുറവില്‍ ലഭ്യമാകും. അതുപോലെത്തന്നെ വ്യോമയാന രംഗത്തെ ടിക്കറ്റ് നിരക്ക് വര്‍ധനയും ഇതിലൂടെ പിടിച്ചുനിര്‍ത്താനാവും. ഏവിയേഷന്‍ ഓയിലിന്റെ വില വര്‍ധന ടിക്കറ്റ് നിരക്ക് കൂട്ടാന്‍ വിമാനക്കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണ്.
എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് കേരളം. മദ്യവും ലോട്ടറിയും കഴിഞ്ഞാല്‍ കേരളത്തിന്റെ സ്ഥിരവരുമാനം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന സെസും വിവിധ നികുതികളുമാണ്. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന ഭീതിയാണ് ജിഎസ്ടി പരിധിയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് അനുദിനം കേരളം ഭരിക്കുന്ന ഇടതുമുന്നണി സമരരംഗത്തുണ്ടെങ്കിലും നികുതി കുറച്ച് വിലകുറയ്‌ക്കേണ്ടെന്ന കടുത്ത നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയില്‍ പെട്രോളിനും ഡീസലിനും ഗ്യാസിനുമെല്ലാം വില കൂടുമ്പോള്‍ ഖജനാവിലേക്കു വരുന്ന നികുതിപ്പണത്തിലേക്കു മാത്രമാണ് കേരള സര്‍ക്കാര്‍ കണ്ണുംനട്ടിരിക്കുന്നതെന്ന് വ്യാപക ആക്ഷേപമാണ് ഉയരുന്നത്.
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുത് എന്ന് ശക്തമായ നിലപാടെടുക്കാന്‍ സാധ്യതയുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സംസ്ഥാനങ്ങളെ കൂട്ടി ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രതീരുമാനത്തെ പിന്‍വലിപ്പിക്കാനാണ് കേരളം മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇത് കേന്ദ്രത്തിന് വലിയ നേട്ടമാണ് സമ്മാനിക്കുക.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനങ്ങളുടെ എതിര്‍പ്പാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കാന്‍ വിഘാതമായി നില്‍ക്കുന്നത് എന്ന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ അറിയിക്കും.