തേജസ് വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി; കരാർ ഉടൻ ഒപ്പിടും
ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച 97 തേജസ് മാര്‍ക്ക്-1 എ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തു. ഏകദേശം 62,000 കോടി രൂപ വിലമതിക്കുന്ന പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം നല്‍കി. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) നിന്നായിരിക്കും വിമാനങ്ങള്‍ ലഭ്യമാക്കുക. കരാര്‍ ഉടന്‍ ഒപ്പിടും.
കാലപ്പഴക്കം ചെന്ന മിഗ്-21 യുദ്ധവിമാനങ്ങളെ ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തേജസ് വിമാനങ്ങള്‍ വാങ്ങുന്നത്. വലിയ കരാര്‍ വഴിയൊരുങ്ങുന്നതോടെ രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ക്കും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ക്കും വഴിയൊരുങ്ങും.
ഇതിനുമുമ്പ് 40 തേജസ് വിമാനങ്ങള്‍ വ്യോമസേന ഏറ്റുവാങ്ങിയിരുന്നു. മാര്‍ക്ക്-1 എ പതിപ്പ് സാങ്കേതികമായി കൂടുതല്‍ പുരോഗമിച്ചതാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മെച്ചപ്പെടുത്തിയ ഏവിയോണിക്‌സ്, റഡാര്‍ സംവിധാനങ്ങളാണ് പ്രത്യേകത. വിമാനത്തിന്റെ 65 ശതമാനവും തദ്ദേശീയ നിര്‍മിത ഘടകങ്ങളാണ്.
തദ്ദേശീയ ഉത്പാദന പദ്ധതിയുടെ ഭാഗമായി തേജസ് മാര്‍ക്ക്-2 പതിപ്പിന്റെ വികസനം അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള 200 വിമാനങ്ങള്‍ കൂടി വ്യോമസേന സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ, നിലവില്‍ പ്രോട്ടോടൈപ്പ് ഘട്ടത്തിലുള്ള AMCA (Advanced Medium Combat Aircraft) ഉത്പാദനം ആരംഭിച്ചാല്‍ 200 വിമാനങ്ങള്‍ കൂടി സേനയിലെത്തും.
Tag: Central government approves purchase of Tejas aircraft; contract to be signed soon