കേന്ദ്ര സര്‍ക്കാര്‍ മമ്മൂക്കയെ അര്‍ഹിക്കുന്നില്ല; പ്രകാശ് രാജ്

കേന്ദ്ര സര്‍ക്കാര്‍ നടന്‍ മമ്മൂക്കയെ അര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായ നടന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ യാതൊരു ഇടപെടലുമില്ലെന്നും എന്നാല്‍ ദേശീയ അവാര്‍ഡുകളില്‍ അങ്ങനെ അല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്നെ ജൂറിയിലേക്കു ക്ഷണിച്ചപ്പോള്‍ “അവാര്‍ഡ് നിര്‍ണയത്തില്‍ ഒരിക്കലും ഇടപെടില്ല, പൂര്‍ണ സ്വാതന്ത്ര്യത്തോടെ തീരുമാനമെടുക്കാം” എന്നാണ് പറഞ്ഞിരുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
“മമ്മൂക്ക യുവാക്കളുമായാണ് മത്സരിക്കുന്നത്. ഭ്രമയുഗം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തിലെ സൂക്ഷ്മത അത്ഭുതപ്പെടുത്തുന്നതാണ്. ആസിഫ് അലിയെയും ടൊവീനോയെയും പോലുള്ള യുവ താരങ്ങള്‍ ആ നിലവാരത്തിലെത്താന്‍ ശ്രമിക്കുന്നുണ്ട്. അത് മമ്മൂക്കയുടെയും മോഹന്‍ലാലിന്റെയും സ്വാധീനഫലമാണ്. മമ്മൂക്കയുടെ പ്രകടനം കാണുമ്പോള്‍ എനിക്ക് പോലും അസൂയ തോന്നാറുണ്ട്,” പ്രകാശ് രാജ് പറഞ്ഞു.
ദേശീയ പുരസ്കാരങ്ങള്‍ നിലവില്‍ പരാജയമായി മാറിയിരിക്കുകയാണെന്നും, ഫയലുകളും പ്രിയപ്പെട്ടവരുമാണ് അവാര്‍ഡുകള്‍ നേടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. “അത്തരം ജൂറിയും അത്തരം കേന്ദ്ര സര്‍ക്കാരും മമ്മൂക്കയെ അര്‍ഹിക്കുന്നില്ല,” പ്രകാശ് രാജ് കടുത്ത വിമര്‍ശനവുമായി കൂട്ടിച്ചേര്‍ത്തു.
Tag: Central government does not deserve Mammootty: Prakash Raj



