ട്രെയിനുകളിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ട്രെയിനുകളിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിയമന നടപടികൾ നീണ്ടുപോകുന്നതിനാൽ, ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ നിയമിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി സർവീസിൽ നിന്ന് വിരമിച്ച ലോക്കോ പൈലറ്റുമാരെ വീണ്ടും സേവനത്തിന് വിളിക്കും.
ജൂലൈ 19-ന് റെയിൽവേ മന്ത്രാലയം എല്ലാ സോണൽ ജനറൽ മാനേജർമാർക്കും ഇതുസംബന്ധിച്ച അനുമതി നൽകിയതായാണ് വിവരം. ഷണ്ടിംഗ് ജോലികൾക്കും അനുബന്ധ ചുമതലകൾക്കുമായി താത്കാലിക ജീവനക്കാരെ നിയോഗിക്കുന്നതും പദ്ധതിയിലുണ്ട്. രാജ്യത്തെ 16 സോണുകളിലായി നിലവിൽ 1,45,230 ലോക്കോ റണ്ണിങ് തസ്തികകളിൽ 33,174 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ചില സോണുകളിൽ ഒഴിവ് 40–45 ശതമാനം വരെയെത്തിയിട്ടുണ്ട്. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 5,848 തസ്തികകളിൽ 4,560 പേരാണ് നിലവിൽ സേവനത്തിലുളളത്.
ഡിവിഷൻ അടിസ്ഥാനത്തിൽ ഒഴിവുകളുടെ കണക്കുകൾ ഇങ്ങനെ: തിരുവനന്തപുരം –134, പാലക്കാട് –149, സേലം –195, മധുര –149, തിരുച്ചി –159, ചെന്നൈ –521. 2024-ൽ മാത്രം 726 ഒഴിവുകളും, 2023-ൽ 510 ഒഴിവുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 2018-ന് ശേഷം ആദ്യമായിട്ടാണ് 2024-ൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റ് നടത്തിയിരിക്കുന്നത്. ട്രെയിൻ ഗതാഗതം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് 5,699 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായി റെയിൽവേ 2024 ജനുവരി 14-ന് പ്രഖ്യാപിച്ചത്.
Tag: Central government plans to appoint assistant loco pilots in trains