വോട്ട് കിട്ടണം, അയ്‌നാണ്; പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കാന്‍ നിര്‍ണായക നീക്കം

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കേ, ഇന്ധനവില നിയന്ത്രിക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍.
ഇന്ധനവില വര്‍ദ്ധനവ് തന്നെയാണ് തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയം. ഈ സാഹചര്യത്തിലാണ് വില നിയന്ത്രിക്കാനുള്ള തിരക്കിട്ട നീക്കങ്ങളെന്ന് അഭ്യൂഹങ്ങളുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറിലെത്തി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധന വില ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന് നൂറ് രൂപ കടന്നു. കഴിഞ്ഞ ഒമ്ബത് ദിവസമായി ഇന്ധനവിലയില്‍ വ്യത്യാസം വന്നിട്ടില്ല. പെട്രോളിനും ഡീസലിനുമുള്ള നികുതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗമാണ്.
രാജ്യത്തെ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും, എന്നാല്‍ സര്‍ക്കാരിനു മുന്നില്‍ ‘ഭയാനകമായ അവസ്ഥ’ ഉണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ എന്ത് നികുതി ഈടാക്കിയാലും, അതില്‍ 41 ശതമാനം സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും, ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള മാര്‍ഗം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.