റഷ്യൻ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു; ജപ്പാനിലും സുനാമി തിരകൾ

റഷ്യയിലെ കംചട്ക ഉപദ്വീപിൽ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് നിലവിൽ അസാധാരണ സാഹചര്യം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു.
2011-ൽ ഉണ്ടായ ഭൂകമ്പവും സുനാമിയും ഫുക്കുഷിമ ഡൈച്ചി ആണവ നിലയത്തിൽ വൻനാശനഷ്ടങ്ങൾക്ക് കാരണമായിരുന്നു. റിക്ടർ സ്കെയിലിൽ 9 തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം, 1986-ലെ ചെർണോബിൽ ദുരന്തത്തിന് ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായി രേഖപ്പെട്ടു. നിലയം പൂർണ്ണമായും ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്, ഇത് പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണു സൂചന.
ബുധനാഴ്ച ഉണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 8.7 തീവ്രതയുള്ളത് ആയിരുന്നു. പെട്രോപാവ്ലോവ്സ്-കാംചാറ്റ്സ്കി നഗരത്തിൽ നിന്ന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശക്തമായ ഈ ഭൂചലനത്തെത്തുടർന്ന് റഷ്യൻ തീരങ്ങളിലും ജപ്പാനിലുമായി സുനാമി തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകളുണ്ട്.
Tag: Fukushima nuclear plant evacuated in wake of Russian earthquake; Tsunami waves also hit Japan