ശക്തിപ്രകടനത്തിലൂടെ വെല്ലുവിളി: തായ്‌വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈന
ബീജിംഗ്: തായ്‌വാന് മേല്‍ തങ്ങളുടെ പരമാധികാരം ഉറപ്പിക്കാന്‍ യുദ്ധവിമാനങ്ങളുടെ പ്രകടനം നടത്തി ചൈന. തെക്കന്‍ ചൈന കടലില്‍ സംഘര്‍ഷത്തിന് കനം വര്‍ധിപ്പിച്ചുകൊണ്ടാണ് ചൈനയുടെ 52 വിമാനങ്ങള്‍ തായ്‌വാന്റെ ആകാശത്ത് വട്ടമിട്ടുപറന്നത്. 34 ജെ- 16 യുദ്ധവിമാനങ്ങളും 12 എച്ച്-6 ആണവ ബോംബര്‍ വിമാനങ്ങളും രണ്ട് സു- 30 ജെറ്റ് വിമാനങ്ങളും മറ്റ് സൈനിക വിമാനങ്ങളും തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയതായി തായ്‌വാന്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്ച 93 വിമാനങ്ങളായിരുന്നു ചൈന ഈ ദ്വീപിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് പറത്തിയത്. അതില്‍ ഏറ്റവും വലിയ മിഷനില്‍ ഉണ്ടായിരുന്നത് 25 യുദ്ധവിമാനങ്ങളായിരുന്നു. അതേസമയം തായ്‌വാനെ സഹായിക്കാന്‍ ഓസ്‌ട്രേലിയ തയ്യാറാണോ എന്ന വെല്ലുവിളി ഉയര്‍ത്തി ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ സംഘര്‍ഷത്തിന് ആക്കം വര്‍ധിപ്പിക്കുകയാണ്. വാരാന്ത്യത്തില്‍ തായ്‌വാന്‍ അതിര്‍ത്തിയിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയത് ചൈനയുടെ ദേശീയ ദിനത്തോടനുബന്ധിച്ചു നടത്തിയ സൈനികശക്തി പ്രകടനമായിരുന്നു എന്ന് ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഹു ഷിജിന്‍ ട്വിറ്ററില്‍ കുറിച്ചു.
തായ്‌വാന്‍ വിഘടനവാദികളുടെ ഭരണം അവസാനിക്കുവാന്‍ ഇനി ഏറെക്കാലമില്ലെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ സാധാരണ രീതിയില്‍ നടക്കാറുള്ള പരമ്പരാഗത ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡല്ല അന്ന് നടന്നതെന്നും യഥാര്‍ഥ യുദ്ധത്തിനുള്ള തയ്യാറെടുപ്പായിരുന്നു എന്ന് ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയലില്‍ പറയുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ മിക്കവാറും എല്ലാ ദിവസങ്ങളിലും ചൈനയുടെ യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ അതിര്‍ത്തിയില്‍ വട്ടമിടുന്നുണ്ട്. ഓരോദിവസവും ചുരുങ്ങിയത് ഒരു യുദ്ധവിമാനമെങ്കിലും ഈ അതിര്‍ത്തിയില്‍ എത്തയിട്ടുണ്ട്.
അതിനിടയിലാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് 38 യുദ്ധവിമാനങ്ങള്‍ പറത്തി ചൈന സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചത്. ഒരു രാജ്യത്തിന്റെ വ്യോമ പ്രതിരോധ മേഖല എന്നത് ആ രാജ്യത്തിന്റെ പരമാധികാരമുള്ള വ്യോമ മേഖലയില്‍ നിന്നും വ്യത്യസ്തമാണ്. വ്യോമ പ്രതിരോധ മേഖലയിലേക്ക് കടക്കുന്ന വിദേശ വിമാനങ്ങള്‍ തങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അതുകഴിഞ്ഞാണ് പരമാധികാരമുള്ള വ്യോമ മേഖലയിലേക്ക് പ്രവേശിക്കുക.
ചൈനീസ് വിമാനങ്ങള്‍ വ്യോമ പ്രതിരോധ മേഖലയില്‍ എത്തിയ ഉടന്‍ തങ്ങളുടെ വ്യോമസേനയെ തയ്യാറാക്കി നിര്‍ത്തി എന്നും മിസൈല്‍ സിസ്റ്റം ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പ്രവര്‍ത്തനക്ഷമാമാക്കി എന്നും തായ്‌വാന്‍ സര്‍ക്കാര്‍ പറയുന്നു. ഇതിനിടെ അമേരിക്ക ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സൈനികപരമായ നീക്കമാണ് ചൈന നടത്തുന്നതെന്നും തായ്‌വാന്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്ന ഒരു രാജ്യമാണെന്ന് ചൈന മറക്കരുതെന്നും അമേരിക്ക പറഞ്ഞു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് തായ്വാന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നത്.