യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്നും വിട്ടുനിന്ന് ചാണ്ടി ഉമ്മൻ; ഡിസിസി അതൃപ്തിയിൽ
നിർദേശം ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പർക്ക പരിപാടിയിൽ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ എം.എൽ.എ. പരിപാടി നടക്കുമ്പോൾ കോഴിക്കോട് നഗരത്തിൽ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം പങ്കെടുത്തില്ല. ഇതിൽ ഡിസിസി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
ടി. സിദ്ധിഖ് – ഷാഫി പറമ്പിൽ ഗ്രൂപ്പ് തർക്കമാണ് ചാണ്ടി ഉമ്മൻ പരിപാടിയിൽ നിന്നും വിട്ടുനിന്നതിന് പിന്നിലെന്ന് സൂചനകൾ. ചാണ്ടി ഉമ്മന്റെ പങ്കെടുക്കൽ ടി. സിദ്ധിഖ് തടഞ്ഞുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇപ്പോൾ എം.കെ. രാഘവൻ എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും ചേർന്നാണ് നീക്കങ്ങൾ നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മനോട് ഡിസിസി ആവശ്യപ്പെട്ടിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ സ്ഥിരീകരിച്ചു.
“ചാണ്ടി ഉമ്മൻ ജില്ലയിൽ തന്നെ ഉണ്ടായിരുന്നു. പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. പങ്കെടുക്കാതിരുന്നത് ബോധപൂർവ്വമായാണെങ്കിൽ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ല” – പ്രവീൺ കുമാർ വ്യക്തമാക്കി. ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
Tag: Chandy Oommen stays away from Youth Congress event; DCC unhappy