സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. നേരത്തേ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ടായിരുന്നുവെങ്കിലും, പുതുക്കിയ മുന്നറിയിപ്പിൽ അത് ചുരുങ്ങിയിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ, കണ്ണൂരിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രിയും പുലർച്ചെയും കനത്ത മഴ പെയ്തതോടെ കൊട്ടിയൂരിലെ ബാവലി പുഴ കുത്തൊഴുക്കോടെ ഒഴുകുകയാണ്. ആറളം വനമേഖലയിൽ പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം എന്നാണ് വിലയിരുത്തൽ. അതേസമയം, കർണാടക വനപ്രദേശത്ത് ഉരുൾപൊട്ടിയതായും സംശയിക്കുന്നു.
കാക്കയങ്ങാട് – കീഴ്പ്പള്ളി റോഡിലെ പാലപ്പുഴ പാലത്തിന് മുകളിൽ വരെ വെള്ളം കവിഞ്ഞതിനാൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. ആറളം ഫാമിലേക്ക് ഉൾപ്പെടെ എത്താനാകാതെ തൊഴിലാളികൾ കുടുങ്ങിയിരിക്കുകയാണ്. നദീതീരത്ത് താമസിക്കുന്നവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Tag: Change in rain warning in the state; Orange alert in three districts