കെ- റെയിൽ പദ്ധതിയിൽ മാറ്റം; പുതിയ മാർഗരേഖയും സമീപനവും സ്വീകരിക്കേണ്ട സാഹചര്യമെന്ന് എം.വി. ഗോവിന്ദൻ

കെ- റെയിൽ പദ്ധതിയിൽ മാറ്റം ആലോചിക്കുകയാണെന്ന് സിപിഐഎം വ്യക്തമാക്കി. പദ്ധതിക്ക് പുതിയ മാർഗരേഖയും സമീപനവും സ്വീകരിക്കേണ്ട സാഹചര്യം വന്നിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കാത്തതാണ് മാറ്റത്തിന്റെ പ്രധാന കാരണമെന്നും, പദ്ധതിക്ക് പണം തടസമായിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കേരളത്തിന്റെ ഭാവി വികസനത്തെ മുന്നിൽ കണ്ടുള്ള ദീർഘകാല പദ്ധതി ആയിരുന്നു കെ-റെയിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ മാർച്ചിൽ “മെട്രോ മാൻ” എന്നറിയപ്പെടുന്ന ഇ. ശ്രീധരൻ റെയിൽവേയ്ക്ക് സമർപ്പിച്ച ബദൽ പദ്ധതിയെ സംബന്ധിച്ചാണ് എം.വി. ഗോവിന്ദന്റെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.
അന്ന് ഇ. ശ്രീധരൻ പറഞ്ഞത്, “ഇപ്പോൾ നിലവിലുള്ള രൂപത്തിൽ കെ-റെയിൽ നടപ്പിലാകാൻ സാധ്യതയില്ല. പകരമായി ഒരു ബദൽ പദ്ധതി ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്, അത് സംസ്ഥാന സർക്കാരിന് ഇഷ്ടമായി,” എന്നായിരുന്നു.
“പ്രൊപ്പോസലിനെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്, അദ്ദേഹത്തിന് അത് ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാനുള്ള ആലോചനയാണ് നടക്കുന്നത്. കെ-റെയിലിനേക്കാൾ പ്രായോഗികവും ജനസൗഹൃദവുമായതാണ് ഈ ബദൽ പദ്ധതി. നാട്ടുകാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ, പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി അനിവാര്യമാണ,” എന്നും ഇ. ശ്രീധരൻ അന്ന് വ്യക്തമാക്കിയിരുന്നു.
Tag: Changes in K-Rail project; New guidelines and approach needed, says MV Govindan