വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ; മെയ് മാസത്തിലും ജൂണിലുമായി അവധി ക്രമീകരിക്കാമെന്ന് നിർദേശം
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ പരിഷ്‌കരണങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിർദേശങ്ങൾ നൽകി എ.പി. വിഭാഗം സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. മന്ത്രി കൂടി ഉൾപ്പെട്ട വേദിയിൽവച്ചാണ് കാന്തപുരം സ്കൂൾ വേനലവധിയിൽ മാറ്റം കൊണ്ടുവരാമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ചൂട് കൂടുതലുള്ള മെയ് മാസത്തിലും മഴ കൂടുതലുള്ള ജൂൺ മാസത്തിലും അവധി മാറ്റാമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
അതേസമയം, നിലവിൽ വർഷത്തിൽ മൂന്ന് പരീക്ഷകൾ നടക്കുന്ന രീതിയെ രണ്ട് പരീക്ഷകളായി ക്രമീകരിക്കാമെന്നും ഇത്തരത്തിലുള്ള മാറ്റങ്ങൾ ചര്‍ച്ചയിലൂടെ തീരുമാനിക്കുകയാണെങ്കിൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. പരാതികളും നിർദേശങ്ങളും സമർപ്പിക്കുമ്പോൾ പഠിച്ചറിഞ്ഞ് മുന്നോട്ട് വരണമെന്ന മന്ത്രിയുടെ നിലപാട് ബുദ്ധിപരമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, സമസ്ത നേതാവിനോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളിൽ ഉസ്താദ് എന്നും ഉറച്ചുനിൽക്കാറുണ്ടെന്ന് പറഞ്ഞു. മാറ്റങ്ങൾ വരുത്തുമ്പോൾ ചര്‍ച്ചകൾക്ക് പ്രാധാന്യം നൽകുമെന്നും,എയ്ഡഡ്- അൺ- എയ്ഡഡ് മേഖലകളെല്ലാം ഒരുപോലെ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് ഏകാധിപത്യ രീതിയാകുമെന്നും, സ്കൂൾ സമയം, വേനലവധി തുടങ്ങിയ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. കമ്മിറ്റിയിൽ എല്ലാവർക്കും സ്വീകാര്യമായ അംഗങ്ങളെയായിരിക്കും ഉൾപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ– സമസ്ത ചര്‍ച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളുടെയും പ്രതികരണങ്ങൾ ഉണ്ടായത്.
Tag: Changes in the education sector; Suggestion that holidays may be arranged in May and June