വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 65 സാക്ഷികള്‍, മുന്നൂറോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു
ഇടുക്കി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അര്‍ജു(22)നെതിരെ 65 സാക്ഷികളും 250 പേരുടെ മൊഴിയും അടങ്ങുന്നതാണ് കുറ്റപത്രം. തൊടുപുഴ പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കാനും വേണ്ടിയാണ് കുറ്റപത്രം നേരത്തേ സമര്‍പ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജൂണ്‍ മുപ്പതിനാണ് കേരളത്തെയാകെ നടക്കിയ കൊലപാതകം അരങ്ങേറിയത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ കുട്ടിയെ ഷാളില്‍ കെട്ടിത്തൂക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് മൊഴി.
കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതിക്ക് വീട്ടില്‍ ഏത് സമയത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് പിഞ്ചുകുഞ്ഞിനെ പ്രതി ലൈംഗികമായി ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
കുട്ടി കളിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍, മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി കൊടിയ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് സംശയങ്ങള്‍ അര്‍ജുനിലേക്ക് നീളുകയായിരുന്നു.
സംഭവ ദിവസം പീഡനത്തിനിടെ കുട്ടി അബോധാവസ്ഥയിലാവുകയും മരണമടഞ്ഞു എന്നു കരുതി കയറില്‍ കെട്ടി തൂക്കിയെന്നുമാണ് ഇയാള്‍ പോലീസിനോട് മൊഴിനല്‍കിയത്. തുടര്‍ന്ന് മുറിയുടെ വാതില്‍ അകത്തുനിന്നു അടച്ചശേഷം ജനല്‍വഴി പുറത്തിറങ്ങി അര്‍ജുന്‍ വീട്ടിലെത്തി.
പിന്നീട് പുറത്തുപോയ കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ജുന്‍ കുട്ടിയുടെ മരണം വിവരം അറിഞ്ഞു വീട്ടിലെത്തി പൊട്ടിക്കരയുകയും ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. അബദ്ധത്തില്‍ ഷാള്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന പ്രചാരണത്തിന് പിന്നില്‍ അര്‍ജുന്‍ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്കാരസമയത്തും മറ്റ് ചടങ്ങുകളിലും ഇയാള്‍ സജീവമായിരുന്നു.
സമീപത്തെ എല്ലാവരെയും പോലീസ് ചോദ്യം ചെയ്തതോടെയാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്. നിലവിളി കേട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.