നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വേര്‍പിരിയുന്നു; മുകേഷിനെ വിമര്‍ശിച്ച് ബിന്ദു കൃഷ്ണ
കൊച്ചി: നടന്‍ മുകേഷും മേതില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇതിനിടയിലാണ് ഇവര്‍ പിരിയുകയാണെങ്കില്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത് വരുന്നത്. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാല്‍ മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നര്‍ത്തകിയായ മേതിക തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലയാണ് ബിന്ദു കൃഷ്ണ പ്രതികരണവുമായി വന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എം.എല്‍ എ. മുകേഷിന് എതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണമെന്നാണ് ബിന്ദു കൃഷ്ണ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് പറഞ്ഞു നടക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മുകേഷിന് എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ പറയുന്നുണ്ട്.
ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്
എം.മുകേഷിന്റെയും മേതില്‍ ദേവികയുടെയും സ്വകാര്യ ജീവിതത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മേതില്‍ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എം.മുകേഷിന് എതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം.
കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷില്‍ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാര്‍ത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്.
മുകേഷിന്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങള്‍ ലഭിച്ചിരുന്നു.
പക്ഷേ കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മേതില്‍ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാന്‍ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു.
അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാന്‍ അവര്‍ തയ്യാറായില്ല. നെഗറ്റീവ് വാര്‍ത്തകളില്‍ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചപ്പോള്‍ അതില്‍ പരിഹാസരൂപത്തില്‍ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകള്‍ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നില്‍ നിന്നും അകന്നു എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു.
അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങള്‍കൊണ്ടാണ്. പച്ചക്കള്ളങ്ങള്‍ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങള്‍ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങള്‍ക്ക് മറുപടി പറയാനോ ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് മേതില്‍ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്‌നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാന്‍ എം.മുകേഷിന് കഴിയാതെപോയി.
ഭാര്യ എന്ന നിലയില്‍ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എം. മുകേഷിന് എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം.
അതേസമയം ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മുകേഷ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്. പാലക്കാട് സ്വദേശിയായിരുന്നു മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്.