സോഫ്റ്റ്‌വെയറിലെ സാങ്കേതിക പിഴവ് മറയാക്കി ട്രഷറികളില്‍ നിന്ന് പണം വെട്ടിപ്പ്
കണ്ണൂര്‍: തട്ടിപ്പിന് പുതിയ വഴി കണ്ടെത്തി ട്രഷറി ജീവനക്കാര്‍. സംസ്ഥാന ട്രഷറി വകുപ്പ് ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക പിഴവ് മറയാക്കി ട്രഷറികളില്‍ നിന്ന് ജീവനക്കാരുടെ പണം വെട്ടിപ്പ്. ബിംസ് സംവിധാനം വഴി ബില്‍ തയാറാക്കിന്നതിലാണ് വെട്ടിപ്പ് നടത്തുന്നത്. സോഫ്റ്റ്‌വെയറിലെ അപാകതയെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് തട്ടിപ്പ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കണ്ണൂരില്‍ സോഫ്റ്റ്‌വെയറിന്റെ അപാകതയുടെ മറവില്‍ ജീവനക്കാരന്‍ ഗുണഭോക്താവിന് ലഭിക്കേണ്ട പണം വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്താന്‍ വിജിലന്‍സ് ചുമതല ഉള്ള ട്രഷറി ജോയിന്റ്് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളൂ. സോഫ്റ്റ്വെയര്‍ പിഴവ് മുതലെടുത്ത് സംസ്ഥാന ഖജനാവില്‍നിന്നുമുള്ള പണം തട്ടിപ്പ് സംസ്ഥാനത്ത് ഇതിനു മുമ്പും നടന്നിരുന്നു.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, കോ-ഓര്‍ഡിനേറ്റര്‍ ചുമതലയുള്ള ജീവനക്കാരാണ് തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പന്വേഷണത്തിലാണ് ഇതുസംബന്ധിച്ച ആദ്യം വിവരം പുറത്ത് വന്നത്. എന്നാല്‍ അന്ന് ഒറ്റപ്പെട്ട സംഭവം എന്നുപറഞ്ഞ് തുടരന്വേഷണം നടത്താതെ ട്രഷറി വകുപ്പ് മൂടിവയ്ക്കുകയാണുണ്ടായത്. കാട്ടാക്കട ജില്ല ട്രഷറിയിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നു.
ട്രഷറി അഡ്മിനിസ്‌ട്രേറ്റര്‍ സേവിംഗ്‌സ് ബാങ്ക് പലിശ ഇനത്തില്‍ മൂന്നു ലക്ഷത്തിലധികം തുക സ്വന്തം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ വകയിരുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. എന്നാല്‍,ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ കാര്യമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. വര്‍ഷങ്ങളായി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ജില്ല കോ- ഓര്‍ഡിനേറ്റര്‍ ഒക്കെയായി ഒരേ ജീവനക്കാര്‍ തന്നെ തുടരുന്നതിലെ അപാകത സര്‍വീസ് സംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടും മാറ്റം വരുത്താന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സാമ്പത്തിക ക്രമക്കേട് കേസില്‍ വകമാറ്റി തട്ടിയെടുത്ത പണം തിരിച്ചു നിക്ഷേപിപ്പിക്കുകയാണ് ചെയ്തത്. ട്രഷറികളില്‍നിന്നു ഗുണഭോക്താവിനു ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കുക.
എന്നാല്‍ ഗുണഭോക്താവിന്റേത് സീറോ ബാലന്‍സ് അക്കൗണ്ടാണെങ്കില്‍ പലപ്പോഴും പണം ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാവാതെ റിജക്ടഡ് എന്ന് കാണിച്ചു പണം ട്രഷറി അക്കൗണ്ടില്‍ത്തന്നെ കിടക്കും. ഐഎഫസ്‌സി കോഡ്, അക്കൗണ്ട് നമ്പറുകളിലെ തെറ്റ് എന്നിവയും പണം മാറാത്ത അവസ്ഥയുണ്ടാക്കും. ഇത്തരം തെറ്റുകള്‍ കംപ്യൂട്ടറില്‍ തിരുത്തി ബന്ധപ്പെട്ട ജില്ല ട്രഷറി ഓഫീസര്‍ക്ക് ഗുണഭോക്താവിനു പണം ലഭ്യമാക്കാനുള്ള സംവിധാനമുണ്ട്.
തിരുത്തല്‍ ട്രഷറി ഓഫീസര്‍മാര്‍ക്ക് മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം. എന്നാല്‍, പലേടത്തും തിരുത്തലുകള്‍ നടത്തുന്നതു ഫയല്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ തന്നെയാണ്. ഈ സൗകര്യമാണ് പണം തട്ടിപ്പിന് ദുരുപയോഗം ചെയ്യുന്നത്. റിജക്ടഡ് ആയി കിടക്കുന്ന അക്കൗണ്ട് നമ്പര്‍ ജീവനക്കാര്‍ തിരുത്തുകയും തന്റെയോ വേണ്ടപ്പെട്ടവരുടെയോ അക്കൗണ്ട് നമ്പറിലേക്കു പണം മാറ്റുകയുമാണ് ചെയ്യുന്നത്.