Kerala NewsLatest NewsNews

പിണറായിക്കെതിരെ പോസ്റ്റുമായി ചെറിയാന്‍ ഫിലിപ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ചെറിയാന്‍ ഫിലിപ്. സംസ്ഥാനത്തെ പ്രളയ ദുരന്തനിവാരണ വിഷയത്തിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് ചെറിയാന്‍ ഫിലിപ് വിമര്‍ശിച്ചു. 2018, 19 വര്‍ഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതര്‍ലന്‍ഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

നെതര്‍ലന്‍ഡ് മാതൃകയെ കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രിയും സംഘവും നെതര്‍ലന്‍ഡില്‍ പോയിട്ടും വെള്ളപ്പൊക്കം തടയാനുള്ള യാതൊരു പദ്ധതിയും കേരളത്തില്‍ നടപ്പായില്ലെന്ന് നവമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം. ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…


കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം.
ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം.
വെള്ളം കെട്ടിക്കിടക്കാന്‍ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കില്‍ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളില്‍ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്.
മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാല്‍ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗര്‍ഭ ജലമില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്
2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ല.
അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി.
പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാല്‍ക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കില്‍ മഴയോടൊപ്പം ഉരുള്‍പൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവര്‍ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button