ചേർത്തല തിരോധാന കേസ്; ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച്
ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യനെ, ജെയ്‌നമ്മ കൊലക്കേസിൽ റിമാന്റിലിരിക്കെ, ഇനി ബിന്ദു കേസിലും അറസ്റ്റ് ചെയ്യും.
അന്വേഷണത്തിൽ ബിന്ദുവിന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാൻ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജയ, ബിന്ദുവായി നടിച്ച് ആൾമാറാട്ടം നടത്തി സ്വത്ത് തട്ടാൻ സഹകരിച്ചതായി വ്യക്തമാകുന്നു. ജയക്കൊപ്പം ഉണ്ടായിരുന്ന റുക്‌സാനക്കും കേസിൽ പങ്കുണ്ടെന്നാണ് സൂചന. ചില രേഖകളിൽ റുക്സാനയും ഒപ്പിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സാമ്പത്തിക തർക്കത്തെ തുടർന്ന് ജയയും റുക്‌സാനയും പിന്നീട് സെബാസ്റ്റ്യന്റെ വീട്ടിലെത്തി പ്രശ്നം സൃഷ്ടിച്ചതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ പ്രധാന വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം.
അതേസമയം, ബിന്ദു കേസിൽ അന്വേഷണം അട്ടിമറി ചെയ്‌തെന്ന് സഹോദരൻ പ്രവീൺ ആരോപിച്ചു. ആദ്യം സെബാസ്റ്റ്യനെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു പോലീസ് പ്രവർത്തിച്ചതെന്നും, തെളിവുകളോടെ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തത് 70 ദിവസം കഴിഞ്ഞാണ് എന്നും അദ്ദേഹം ആരോപിച്ചു.
2016-ലാണ് ബിന്ദു കാണാതായതായി പരാതി ആഭ്യന്തരവകുപ്പിൽ എത്തിയത്. വകുപ്പിൽ നിന്ന് കേസ് താഴേക്ക് എത്തിയിട്ടും, പട്ടണക്കാട് പോലീസ് 70 ദിവസം കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിന് ശേഷവും മാസങ്ങൾക്കപ്പുറമാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തതെന്ന് പ്രവീൺ വ്യക്തമാക്കി.
Tag: Cherthala disappearance case; Crime Branch says Bindu Padmanabhan was murdered