ചേർത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ മുൻ പെൺസുഹൃത്ത് റോസമ്മയുടെ വീട്ടിൽ റെഡാർ പരിശോധനയ്ക്ക് നീക്കം
ചേർത്തല തിരോധാനക്കേസിൽ അന്വേഷണ സംഘം നിർണായക നടപടി ആരംഭിച്ചു. സെബാസ്റ്റ്യന്റെ മുൻ പെൺസുഹൃത്ത് റോസമ്മയുടെ വീട്ടിൽ റെഡാർ പരിശോധനയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദുരൂഹ സാഹചര്യത്തിൽ കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ച കോഴിക്കൂട് പൊളിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ക്രൈം ബ്രാഞ്ച് നേരത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ നിർണായക തെളിവുകൾ കണ്ടെത്തിയിരുന്നു. അടുപ്പിൽ നിന്ന് കത്തി കരിഞ്ഞ ലേഡീസ് വാച്ചിന്റെ സ്ട്രാപ്പാണ് കണ്ടെത്തിയത്. ആറു വർഷമായി ഉപയോഗിക്കാതെ കിടന്നിരുന്ന വീട്ടിലാണ് ഈ വാച്ച് കണ്ടെത്തിയത്.
റോസമ്മയെ ഇന്നലെ ചോദ്യം ചെയ്തതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. സെബാസ്റ്റ്യൻ ആറുമാസത്തോളം റോസമ്മയുടെ വീട്ടിൽ താമസിച്ചിരുന്നതായും കണ്ടെത്തി. കോഴിഫാം തുടങ്ങുമെന്ന പേരിൽ 20 സെന്റ് സ്ഥലത്ത് ദുരൂഹ നിർമാണം നടത്തി, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നടത്തിയെങ്കിലും തുടർന്ന് ഫാം പ്രവർത്തിപ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മുമ്പ് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നിന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കോട്ടയത്തെ കുടുംബവീട്ടിലും പരിശോധന തുടരുന്നു.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട. ഗവ. ഉദ്യോഗസ്ഥ ഐഷ (57), ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു – 54) എന്നിവരുടെ തിരോധാനക്കേസുകളുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യൻ പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.
Tag; Cherthala disappearance case; Radar inspection at Sebastian’s ex-girlfriend Rosamma’s house