keralaKerala NewsLatest News

ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് റഡാർ സി​ഗ്നലുകൾ ലഭിച്ചു

ചേർത്തലയിൽ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ ബുധനാഴ്ച രാവിലെ മുതൽ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഇതുവരെ വീട്ടുവളപ്പിലെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് റഡാറിൽ സിഗ്നലുകൾ ലഭിച്ചു. ഈ സ്ഥലങ്ങളിൽ കുഴിയെടുത്തുവെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.

ബിന്ദു പദ്മനാഭൻ തിരോധാനക്കേസിൽ അന്വേഷണം നടത്തുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധനയ്‌ക്ക് മുമ്പ് വീട്ടുവളപ്പിലെ പുല്ലുകൾ വെട്ടിമാറ്റിയിരുന്നു. വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി റഡാർ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

ഇതിനിടെ, ബുധനാഴ്ച അവസാനിക്കുന്ന കസ്റ്റഡി കാലാവധിയിൽ പോലും സെബാസ്റ്റ്യൻ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നാണ് വിവരം. അതിനാൽ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യ സുബിയെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ചുവിട്ട കേസിൽ സെബാസ്റ്റ്യൻ മുമ്പ് അറസ്റ്റിലായിരുന്നു. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഒന്നും കണ്ടെത്താനാകാതെ പോയപ്പോഴാണ് ഏറ്റുമാനൂരിലെ ജെയ്‌നമ്മയുടെ കാണാതാകൽ കേസിൽ ഇയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും അത് കാണാതായ സ്ത്രീകളിൽ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡിഎൻഎ പരിശോധനയുടെ ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഹയറുമ്മ (ഐഷ) കാണാതായ കേസിലും ആലപ്പുഴ ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tag: Cherthala disappearance cases; Radar signals were received from three places in Sebastian’s Pallipuram house compound

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button