cricketEditor's Choiceindiainternational newsLatest NewsNationalNewsSports

ശാന്തവും ആഴമുള്ളതുമായ വിടപറയൽ; ക്രിക്കറ്റിന്റെ ടെസ്റ്റ് ചരിത്രത്തിൽ സുവർണഅധ്യായങ്ങൾ എഴുതി വെച്ച ചേതേശ്വർ അരവിന്ദ് പൂജാര

ഇന്ത്യൻ ക്രിക്കറ്റിന്റെ ടെസ്റ്റ് ചരിത്രത്തിൽ സുവർണഅധ്യായങ്ങൾ എഴുതി വെച്ച ചേതേശ്വർ പൂജാര എന്ന പൂജി. തന്റെ ഐതിഹാസിക ഇന്നിംഗ്സുകൾ ബാക്കിയാക്കി പടിയിറങ്ങി. “എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ട്” എന്നൊരു ലളിതമായ വരികളോടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ കരിയറിലുടനീളം പോലെ, വിടപറയലും പൂജാര സ്വന്തം ശൈലിയിൽ തന്നെ — ശാന്തവും ആഴമുള്ളതുമായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിനായി തന്നെ രൂപപ്പെടുത്തിയെടുത്ത പോരാളിയായിരുന്നു പൂജാര. വിളിച്ചപ്പോൾ എത്തിയവൻ. അവസരം കിട്ടിയപ്പോൾ നന്നായി കളിച്ചു. പുറത്താക്കിയപ്പോൾ പരാതിപ്പെടാതെ മാറിനിന്നു. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ കരുത്തുറ്റ ഇന്നിംഗ്സുകൾ തീർത്തു, സസ്സെക്സിനെ നയിച്ചു, ഏകദിനങ്ങളിൽ പോലും നിരന്തര സെഞ്ച്വറികൾ നേടി. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷയിൽ പിടിച്ചുനിന്നെങ്കിലും അവസരം ലഭിച്ചില്ല. അവസാനം, അദ്ദേഹം തന്റെ വഴിയിൽ തന്നെ ശാന്തമായി വിരമിച്ചു.

2018-19ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ പൂജാര 1258 പന്തുകൾ നേരിട്ട് 521 റൺസ് നേടി. ശരാശരി 74.42. ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോൾ അതിന്റെ അടിത്തറ തീർത്തത് പൂജാരയുടെ ബാറ്റ് തന്നെയായിരുന്നു. 2020-21ലെ പരമ്പരയിൽ ഗാബയിലെ ചരിത്രജയത്തിനിടയിലും 211 പന്തുകൾ നേരിട്ട് നേടിയ 56 റൺസ് ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തുറ്റ പ്രതിരോധത്തിന്റെ പ്രതീകമായി മാറി.

രാജ്‌കോട്ടിലെ ഒരു കൊച്ചുകുട്ടിയുടെ യാത്ര, ഇന്ത്യൻ ക്രിക്കറ്റിന്റെ “രണ്ടാം മതിൽ” ആയി പൂജാര ഉയർന്നു. ആദ്യ മതിലായിരുന്ന ദ്രാവിഡിന്റെ പിന്നാലെ, മൂന്നാം നമ്പറിൽ ടീമിന്റെ വലിയ ആശ്രയമായി. ശരീരത്തെയും മനസ്സിനെയും ആയുധമാക്കിയ ബാറ്റിംഗ് പൂജാരയുടേതായിരുന്നു. ക്രീസിൽ നിന്ന് ശരീരം മുഴുവൻ വേദന സഹിച്ച് പോലും വിക്കറ്റ് വിട്ടുകൊടുക്കാതെ പോരാടിയ ഇന്നിംങ്സുകൾ അദ്ദേഹത്തെ അപൂർവനാക്കി.

വിരാട്, രോഹിത് തുടങ്ങിയ സഹതാരങ്ങൾക്കും പൂജാര ആഭ്യന്തര ക്രിക്കറ്റിൽ “പുറത്താക്കാൻ ഏറ്റവും പ്രയാസമുള്ള ബാറ്റ്സ്മാൻ” ആയിരുന്നുവെന്ന് രോഹിത് തന്നെ പറഞ്ഞിട്ടുണ്ട് — “ടീം മീറ്റിംഗുകളിൽ ഞങ്ങളുടെ പ്രധാന ചർച്ച പൂജാരയെ എങ്ങനെ പുറത്താക്കാം എന്നായിരുന്നു. അദ്ദേഹം ക്രീസിൽ നിന്നാൽ ഞങ്ങൾക്കു ദിവസങ്ങളോളം ഫീൽഡ് ചെയ്യേണ്ടിവരുമായിരുന്നു.”

കാൽമുട്ടിലെ ഗുരുതര പരിക്ക് ഒരിക്കൽ കരിയർ അവസാനിപ്പിക്കുമെന്ന ആശങ്ക നിലനിന്നിരുന്നുവെങ്കിലും, പൂജാര 100-ലധികം ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ച് പടിയിറങ്ങി. അദ്ദേഹം വിക്കറ്റിനെ പോലെ തന്നെ തന്റെ കരിയറിനെയും ക്രീസിൽ ഒറ്റുനിന്ന് സംരക്ഷിച്ചു. പൂജാരയുടെ വിടപറയലിന് ഒരു “വിട വാങ്ങൽ ടെസ്റ്റ്” ഇന്ത്യ നൽകേണ്ടിയിരുന്നില്ലേ? മെൽബൺ, സിഡ്‌നി, ഗാബാ — ഇന്നും അവിടുത്തെ പുല്ലുകൾക്ക് അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ ചുവടുകൾ ഓർക്കാൻ കഴിയുന്നുണ്ടാവും.

Tag: A quiet and profound farewell; Cheteshwar Arvind Pujara, who wrote golden chapters in the history of Test cricket

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button