ഇന്ത്യൻ താരം ചേതേശ്വർ പൂജാര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. ലഭിച്ച അവസരങ്ങൾക്ക് നന്ദിയോടെ കരിയർ അവസാനിപ്പിക്കുന്നതായാണ് പൂജാര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. “ഇന്ത്യൻ ജേഴ്സി ധരിച്ച് ദേശീയഗാനം ആലപിച്ച് ഓരോ തവണയും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ എന്റെ മികച്ച പ്രകടനത്തിനായാണ് ശ്രമിച്ചത്. എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. നന്ദിയോടെ വിരമിക്കാൻ ഞാൻ തീരുമാനിക്കുന്നു,” – പൂജാര കുറിച്ചു.
ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ സ്ഥിരം താരമായിരുന്ന പൂജാര 2010 മുതൽ 2023 വരെ 103 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ചു. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയക്കെതിരെയാണ് അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. തുടർന്ന് ടീമിൽ അവസരം ലഭിച്ചിരുന്നില്ല.
37 കാരനായ പൂജാര ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ്. ടെസ്റ്റിൽ 19 സെഞ്ചുറികളും 35 അർധസെഞ്ചുറികളും ഉൾപ്പെടെ 7195 റൺസാണ് അദ്ദേഹത്തിന്റെ പേരിൽ. ഏകദിനത്തിൽ അഞ്ച് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 278 മത്സരങ്ങളിൽ 21,301 റൺസും 66 സെഞ്ചുറികളും പൂജാര സ്വന്തമാക്കി.
2010-ൽ ഓസ്ട്രേലിയക്കെതിരെ ബെംഗളൂരുവിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. രണ്ടാം ഇന്നിങ്സിൽ 72 റൺസ് നേടി ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലെ കൗണ്ടി ടീമുകളായ യോർക്‌ഷെയർ, ഡെർബിഷെയർ, സസെക്സ് എന്നിവയ്ക്കുവേണ്ടിയും കളിച്ചു. ഐപിഎൽയിൽ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകളിലും അംഗമായിരുന്നു.
Tag: Cheteshwar Pujara announces retirement from all forms of cricket