പിജെ കണ്ണുരുട്ടി; പേരാവൂര്‍ പോരില്‍ ഉരുണ്ടുകളി
കണ്ണൂര്‍: പേരാവൂര്‍ ചിട്ടി തട്ടിപ്പില്‍ പി.വി. ഹരിദാസിന്റെ ഉരുണ്ടുകളി. തന്നെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനാല്‍ ഹരിദാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി. ജയരാജന്‍ വ്യക്തമാക്കിയതോടെയാണ് ഹരിദാസ് കളം മാറിയത്. നേരത്തെ സൊസൈറ്റി ചിട്ടി ആരംഭിച്ചത് പി. ജയരാജന്റെ അനുമതിയോടെയാണ് എന്നായിരുന്നു സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസ് പറഞ്ഞത്.
ഇത് തെറ്റാണെന്നും അനാവശ്യമായി തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും പറഞ്ഞ ജയരാജന്‍ ഹരിദാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ജയരാജന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മനസിലായെന്നും കേട്ടറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പരാമര്‍ശമെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തിരുത്തുകയാണെന്നും ഹരിദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
സിപിഎമ്മിന്റെ സമ്മതത്തോടെയാണ് ചിട്ടി നടത്തിയതെന്നും ജില്ല സെക്രട്ടറി ആയിരിക്കെ പി. ജയരാജനാണ് അനുമതി നല്‍കിയത് എന്നുമാണ് ഹരികുമാര്‍ ആദ്യം പറഞ്ഞത്. ചിട്ടിപ്പണം ശമ്പളത്തിനും മറ്റ് ചിലവുകള്‍ക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയായത്. ഇതിന്റെ ഉത്തരവാദിത്തം സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണെന്നും ഹരിദാസ് പറഞ്ഞു. ചിട്ടി നടത്തരുതെന്ന് വിലക്കിയതായുള്ള പാര്‍ട്ടിയുടെ വാദം തെറ്റാണെന്നും തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് മറ്റ് ജീവനക്കാര്‍ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.
അവിടെ നടന്ന എല്ലാകാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ല. പാര്‍ട്ടി തനിക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും ഹരിദാസ് പറഞ്ഞിരുന്നു. തട്ടിപ്പ് വെളിച്ചത്ത് വന്നതോടെ ഹരിദാസിനെ ഭരണ സമിതി സസ്‌പെന്‍ഡ് ചെയ്തു. 2017ല്‍ തുടങ്ങിയ ചിട്ടിയിലാണ് തട്ടിപ്പ് നടന്നത്. 1,85,00,000 രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നിക്ഷേപകരുടെ പരാതി. ചിട്ടി നടത്തിയത് സഹകരണ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിട്ടി അവസാനിപ്പിക്കാനും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനും സഹകരണ വകുപ്പിന്റെ നിര്‍ദേശവുമുണ്ടായിരുന്നു. 2017ലാണ് ധനതരംഗ് എന്ന പേരില്‍ പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി ആരംഭിക്കുന്നത്. രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണ്. ചിട്ടി ആരംഭിച്ചതിനു പിന്നാലെ ചിട്ടി നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ച് സഹകരണ വകുപ്പ് നോട്ടീസ് അയച്ചു.
എന്നാല്‍ ഭരണസമിതിയും സെക്രട്ടറിയും നോട്ടീസിനു മറുപടി പോലും അയച്ചില്ല എന്ന് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പിരിഞ്ഞു കിട്ടിയ തുക വകമാറ്റി ചിലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനുള്ള ഭരണ സമിതിയുടെ നീക്കത്തിന് തിരിച്ചടിയായി. ബാധ്യതകളുടെ ഉത്തരവാദിത്വം ഭരണ സമിതിക്കാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നത്.