കുതിച്ചുയരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് ഞാണിടും; മന്ത്രി ജെ.ചിഞ്ചുറാണി.
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കിലോയ്ക്ക് 80 -90 രൂപയായിരുന്ന കോഴിയിറച്ചിക്കു നിലവില്‍ 140-160 രൂപ വരെ ആയിരിക്കുകയാണ്. ചിക്കന്‍ മീറ്റിനു വില കിലോയ്ക്ക് 200 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടിയത് ഇരട്ടിയോളം രൂപയാണ്.
പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാല്‍ കോഴിയുടെയും വില കുറയും. കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കര്‍ഷകരിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിയുടെ ലഭ്യതക്കുറവു ചൂണ്ടിക്കാട്ടിയാണു വിലകൂട്ടുന്നത്. ഇതര സംസ്ഥാന ചിക്കന്‍ ലോബിയാണ് സംസ്ഥാനത്ത് കോഴിയിറച്ചി ലഭ്യത കുറയ്ക്കുന്നതിനു പിന്നില്‍. കേരളത്തില്‍ വില്‍ക്കുന്ന 80% ഇറച്ചിക്കോഴികളുടെയും വരവ് തമിഴ്നാട്ടില്‍നിന്നാണ്.ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഹോട്ടലുകളില്‍ ചെലവു കുറഞ്ഞതോടെ ചിക്കന് ഡിമാന്‍ഡ് കുറഞ്ഞിരുന്നു.ഈ നിലക്കാണ് പോകുന്നതെങ്കില്‍ ചിക്കന്‍ വിഭവങ്ങള്‍ ഹോട്ടലുകളില്‍ ബഹിഷ്‌കരിക്കേണ്ടി വരുമെന്ന് നേരത്തെ ഹോട്ടല്‍ സംഘടന അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് കോഴിയിറച്ചിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
രണ്ടുമാസം മുന്‍പു വരെ 1000 രൂപയ്ക്കുമുകളില്‍ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ 2200 രൂപയായെന്നും ഒരു കോഴിക്ക് 8085 രൂപ മുതല്‍ മുടക്കു വന്നിരിക്കുന്നെന്ന് വ്യാപാരികളും പരാതി പറയുന്നു. അല്‍പം ക്ഷാമം മുതലെടുത്ത് വില കുത്തനെ ഉയര്‍ത്തുകയാണെന്ന പരാതിയാണ് ചെറുകിട വ്യാപാരികള്‍ ഉയര്‍ത്തുന്നത്.