അഭിപ്രായ സർവ്വേകൾ തടയാൻ നിലിവിൽ നിയമമില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ: പ്രതിപക്ഷത്തിന് തിരിച്ചടി

തിരുവനന്തപുരം: അഭിപ്രായ സർവ്വേകൾ തടയാൻ നിലിവിൽ നിയമമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പക്ഷപാതപരവും കൃത്രിമവുമായ തെരഞ്ഞെടുപ്പ് സർവ്വേകൾ തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് സീഫോർ സർവ്വേ മുതൽ ഇതുവരെ പുറത്തുവന്ന എല്ലാ സർവ്വേഫലങ്ങളും ഇടതുമുന്നണിയുടെ തുടർഭരണമാണ് പ്രവചിച്ചത്. പ്രതിപക്ഷ നേതാവിൻറേ റേറ്റിംഗ് ദയിനീയവുമായിരുന്നു.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിക്ഷിപ്ത താത്പര്യത്തോടെ , കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ സർവ്വേഫലങ്ങളെന്നായിരുന്നു പ്രതിപക്ഷനേതാവിൻറെ കുറ്റപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ഈ നീക്കം തടയണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് ചെന്നിത്തല കത്ത് നൽകുകയും ചെയ്തിരുന്നു. അഭിപ്രായ സർവ്വേകൾക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ ഇന്നും രംഗത്തെത്തി.
സർവ്വേകളിലൂടെ പ്രതിപക്ഷത്തെ തകർക്കാനാകില്ലെന്നും, വിമർശിക്കുന്നവരെ സർവ്വേയിലൂടെ പിന്നിലാക്കി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. സർവ്വേകൾ യാഥാർത്ഥ്യ ബോധമില്ലാത്തതെന്നും പിന്നിൽ ബോധപൂർവമായി ഗൂഢാലോചനയെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അതേസമയം തെരഞ്ഞെടുപ്പ് സർവ്വേകൾ അഭിപ്രായം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ ഓർമ്മിപ്പിച്ചു.