keralaKerala NewsLatest NewsUncategorized

കേരളത്തിന്റെ സ്വപ്‌നപദ്ധതി; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാത നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാത നിർമ്മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി പൂർത്തിയായാൽ ഇന്ത്യയിലെ മൂന്നാമത്തെ ദൈർഘ്യമേറിയ തുരങ്കപാതയാകും ഇത് എന്ന് അദ്ദേഹം പറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും എന്നതാണ് പദ്ധതിയുടെ വലിയ നേട്ടം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും, 2016 ന് ശേഷം നൽകിയ വാഗ്ദാനങ്ങൾ നടപ്പാകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വ്യാപാര, വാണിജ്യ, ടൂറിസം മേഖലകൾക്ക് പദ്ധതിയിലൂടെ വലിയ മുന്നേറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും നടപ്പാകില്ലെന്ന് കരുതപ്പെട്ട പദ്ധതികൾ കേരളം വിജയകരമായി പൂർത്തിയാക്കിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയപാത വികസനവും ഗെയിൽ പദ്ധതിയും ഇതിന് ഉദാഹരണങ്ങളാണെന്നും, വയനാട്ടുകാരുടെ ദീർഘകാല സ്വപ്നമാണ് തുരങ്കപാതയിലൂടെ സഫലമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് ശക്തമായ പിന്തുണ നൽകിയ കിഫ്ബിയെ മുഖ്യമന്ത്രി പ്രത്യേകിച്ച് അഭിനന്ദിച്ചു. “എവിടെ നോക്കിയാലും കിഫ്ബി പദ്ധതികളാണ്. 90,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി ഏറ്റെടുത്തിട്ടുണ്ട്,” എന്നും അദ്ദേഹം വ്യക്തമാക്കി.

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത, വയനാട്ടുകാർ പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടിരുന്ന ‘ചുരമില്ലാ പാത’യായി മാറും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ച് നാലുവർഷം കൊണ്ടാണ് 8.073 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത പൂർത്തിയാക്കുക. പദ്ധതി പൂർത്തിയായാൽ വയനാട്ടിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങും. ചുരത്തിനുള്ള പകരംപാത മാത്രമല്ല, വിനോദസഞ്ചാര വളർച്ചയ്ക്കും പുതിയ വ്യവസായ ഇടനാഴി തുറക്കുന്നതിനും വഴിയൊരുക്കുന്ന വലിയ പദ്ധതിയാണ് ഈ തുരങ്കപാത.

Tag: Kerala’s dream project; Chief Minister inaugurates construction of Anakampoyil-Kallady-Meppadi double tunnel

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button