ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ കൈ വിടുന്നു.

തിരുവനന്തപുരം/ സ്പ്രിൻക്ലർ അഴിമതി മുതൽ സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ വരെ ഇതുവരെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സംരക്ഷിച്ചു വന്ന മുഖ്യമന്ത്രി പിണറായി വിജയൻ,അറസ്റ്റ് ഉറപ്പായതോടെ ശിവശങ്കറിനെ കൈ വിടുന്നു. താൻ രാഷ്ട്രീയ ഇരയാണെന്ന ശിവശങ്കറിന്റെ മൊഴി വിവരം പുറത്ത് വന്നതിൽ പിന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനെ കൈയൊഴിയുന്നു അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
ശിവശങ്കറിന് ഇപ്പോൾ മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ യാതൊരു ബന്ധമില്ലെന്നും അതുകൊണ്ടു തന്നെ അന്വേഷണ ഏജൻസികൾക്ക് അവരുടെ വഴിക്ക് നീങ്ങുന്നതിൽ തടസമില്ലെന്നും ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് പിണറായി വിജയൻ മറുപടി പറയുകയായിരുന്നു. ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതവും ദുരുപദിഷ്ടിതവുമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരെയും കസ്റ്റഡിയിൽ എടുക്കാനും ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. നിയമപരമായ അതിനെ ആർക്കും തടയാനോ തടസപ്പെടുത്താനോ ആവില്ല. അതേസമയം, ഏറെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയെ വഞ്ചിക്കുകയായിരുന്നോ എന്ന ഒരു പത്ര ലേഖകന്റെ ചോദ്യത്തിന് പിണറായി വിജയൻ മറുപടി നൽകിയില്ല. എല്ലാം അന്വേഷണ ഏജൻസികൾ പരിശോധിക്കുകയല്ലേ, അന്വേഷണം പൂർത്തിയായിട്ട് മറ്റ് കാര്യങ്ങൾ പറയാമെന്നായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.
കേന്ദ്ര അന്വേഷണ ഏജൻസി ഒരാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചാൽ അത് തടയാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ വേണ്ടിയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന് പറയുന്നത് ഭാവനയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ഡിസ്ചാർജ് ചെയ്യുന്നതുമെല്ലാം വൈദ്യശാസ്ത്രപരമായ നടപടിയാണ്. അതിലൊന്നും സർക്കാരിന് ഇടപെടാൻ കഴിയില്ല. ശിവശങ്കറിന്റെ അറസ്റ്റോടെ സർക്കാർ പ്രതിസന്ധിയിലാകുമെന്ന് കരുതിയാവാം ഇത്തരം പ്രചരണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് കേസ് അന്വേഷണത്തെക്കുറിച്ച് അന്വേഷണ സംഘമോ കേന്ദ്രസർക്കാരോ പറയട്ടെ. തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കുകയാണ്. മൂന്ന് അന്വേഷണ ഏജൻസികളാണ് ഇപ്പോഴുള്ളത്. അവർ ഇതുവരെ അത്തരമൊരു പരാതിയും പറഞ്ഞിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് പോറലുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് സ്വർണക്കടത്തിലൂടെ നടന്നത്. അതിനാൽ നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന്റെ വേരുകൾ കണ്ടെത്തണം. മുഴുവൻ കുറ്റവാളികളെയും കോടതി മുമ്പാകെ കൊണ്ടുവരണം. അതനുസരിച്ച് അന്വേഷണം മുന്നോട്ടുപോവുകയാണ്. ഈ കേസിന്റെ പേരിൽ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും സർക്കാരിനെതിരെ നീക്കം നടത്തുകയാണ്. നല്ല നിലയിൽ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. അന്വേഷണ സംഘം രാഷ്ട്രീയമായി നീങ്ങുന്നുവെന്ന അഭിപ്രായം തൽക്കാലം ഇല്ല. കൃത്യമായ വഴിക്കാണ് നീങ്ങുന്നത്. അന്വേഷണം പൂർത്തിയായി മറ്റുവിവരങ്ങൾ പുറത്തുവരട്ടെ. അതേക്കുറിച്ച് അപ്പോൾ പറയാമെന്നും പിണറായി വിജയൻ പറയുകയുണ്ടായി.