ശക്തമായ കാറ്റ്; പറവൂരില്‍ നാല്‍പതോളം വീടുകള്‍ തകര്‍ന്നു
പറവൂര്‍: പറവൂര്‍ തത്തപ്പള്ളിയില്‍ അതിശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ നാല് മണിയോടെ ആഞ്ഞടിച്ച കാറ്റില്‍ പ്രദേശത്തെ നാല്‍പതിലധികം വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. എന്നാല്‍ നാശനഷ്ടം സംഭവിച്ച വീടുകളിലേക്കു പോകുന്ന വഴികളില്‍ മരങ്ങള്‍ വീണതിനാല്‍ അവിടേക്ക് എത്തിപെടാന്‍ പ്രയാസമാണ്. രക്ഷാപ്രവര്‍ത്തകര്‍ റോഡില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു വരികയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. യെല്ലോ,ഓറഞ്ച് അലേര്‍ട്ടുകള്‍ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
ആന്ധ്ര ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദം കാരണം അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാണ്. ഇതിനാല്‍ കേരള തീരത്ത് ആകെ കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മത്സ്യബന്ധന വിലക്കും നിലനില്‍ക്കുകയാണ്. ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകള്‍.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി . കൂടാതെ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.