ഇന്ത്യൻ സൈന്യം സർവ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിന്‍ റാവത്ത്.

ഇന്ത്യൻ സൈന്യം സർവ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിന്‍ റാവത്ത്. ഇന്ത്യ – ചൈന സംഘർഷം സംബന്ധിച്ച പാർലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം പറഞ്ഞത്. നിയന്ത്രണരേഖയിലെ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാൻ സൈന്യം സർവസജ്ജമാണ്. ആവശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടയാലും അതിന് തക്ക മറുപടി ഇന്ത്യ നൽകും. റാവത്ത് പറഞ്ഞു.
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ആദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തു. ഇന്ത്യ-ചെെന അതിർത്തി വിഷയം കെെകാര്യം ചെയ്യുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന് നേരത്തെ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നതാണ്. ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നത് വരെ യാതൊരു ചര്‍ച്ചയും വേണ്ടെന്നാണ് പ്രതിപക്ഷ നിലപാട്. മോസ്കോയിൽ ഒപ്പുവച്ച ഇന്ത്യ – ചൈന അഞ്ചിന പരിപാടി നടപ്പാക്കാൻ അടുത്തയാഴ്ച ആദ്യം ഇന്ത്യയും ചൈനയും കോർ കമാൻഡർ തല ചർച്ച നടത്തും. സൈന്യങ്ങൾ സ്ഥിരം പോസ്റ്റുകളിലേക്കു മാറുന്നതടക്കമുള്ള കാര്യങ്ങൾ കോർ കമാൻഡർ തല ചർച്ച യിൽ വിഷയമാകും. അതിർത്തിയിൽ ബ്രിഗേഡ് കമാണ്ടർ തല ചർച്ച പുരോഗമിക്കുകയാണ്. ലഡാക്കിൽ സംഘർഷസാഹചര്യത്തിനു വ്യക്തമായി കുറവു വരാതെ ഇന്ത്യ അവിടത്തെ സൈനിക ശേഷി പിൻവലിക്കില്ലെന്നു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്നു സേനാ വിഭാഗങ്ങളുടെയും മേധാവികൾ എന്നിവരുമായി അഞ്ചിന പരിപാടി സംബന്ധിച്ചും ലഡാക്കിലെ സ്ഥിതിയെക്കുറിച്ചും വിശദമായ ചർച്ച നടത്തുകയുണ്ടായി. മോസ്കോയിൽ വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ, അതിർത്തിയിൽ വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചതിനു കൃത്യമായ വിശദീകരണം നൽകാൻ ചൈനക്ക് ഇതുവരെ കഴിഞ്ഞില്ല.
ഭിന്നതകൾ തർക്കങ്ങളായി മാറുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കഴിഞ്ഞ 2 വർഷങ്ങളിലെ ഇന്ത്യ–ചൈന ഉച്ചകോടികളിൽ വ്യക്തമാക്കിയി രുന്നതാണ്. ഈ നിലപാട് എടുത്തുപറഞ്ഞു കൊണ്ടാണ് ഇരു രാജ്യങ്ങളും അഞ്ചിന മാർഗരേഖ മോസ്കോയിൽ ഒപ്പുവെച്ചിരിക്കുന്നത്.
ഇന്ത്യ–ചൈന അതിർത്തിയിൽനിന്നു കാണാതായി ചൈനീസ് പിടിയിലായ 5 യുവാക്കളെ ഇന്ന് ഇന്ത്യയ്ക്കു കൈമാറുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽനിന്നു കാട്ടിൽ വേട്ടയ്ക്കു പോയവരെയാണ് കാണാതാവുന്നത്. ഇവരെ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവാണ് അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുണാചൽ പ്രദേശിലെ നാച്ചോ മേഖലയിലെ ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് അഞ്ച് ഇന്ത്യൻ പൗരന്മാരെ കാണാതായത്. ഇവർ ചൈനീസ് പട്ടാളത്തിന്റെ പിടിയിലുണ്ടെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഇവരെ വിട്ടയക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇതിനു മുൻപും ഇന്ത്യയും ചൈനയും തമ്മിൽ അഞ്ചിന ധാരണ പ്രഖ്യാപിച്ചിരുന്നു. സേനകൾക്കിടയിൽ ഉചിതമായ അകലം പാലിക്കുമെന്നും പിന്മാറ്റം വേഗത്തിൽ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കിയിട്ടുള്ളതാണ്. മോസ്കോയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ നിർണായക ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. എന്നാൽ അതിത്തിയിലെ സാഹചര്യങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. ചൈന ഏതെങ്കിലും രീതിയിലുള്ള പിന്മാറ്റ നീക്കം നടത്തിയാൽ മാത്രം സൈന്യത്തെ പിൻവലിച്ചാൽ മതിയെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് സൈനിക നേതൃത്വത്തിന് നൽകിയിട്ടുള്ള നിർദേശം.