കൈ തരിപ്പ് മാറാതെ പോലീസ്; ക്രിക്കറ്റ് കളിച്ചവർക്ക് ക്രൂര മർദ്ദനം

വയോധികനെ മർദ്ദിച്ചതിന് പിന്നാലെ കൈത്തരിപ്പ് മാറാതെ വീണ്ടും കേരള പോലീസ്. നെല്ലുകടവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന 5 യുവാക്കളെ പൊലീസ് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ നെല്ലുകടവ് സ്വദേശി ഷഫീക്കിനെ (21) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനു പരുക്കേറ്റ സബാഹിനെ (20) എറണാകുളം ജനറൽ ആശുപത്രിയിലും റസാൽ, അക്ഷയ്, ആസിഫ് എന്നിവരെ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. പരുക്കേറ്റവരെ നാട്ടുകാരാണ് ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. പതിനഞ്ചിലേറെ യുവാക്കൾ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും അ സമയം അവിടെ എത്തിയ പൊലീസുകാർ മരപ്പട്ടിക ഉപയോഗിച്ച് തല്ലുകയായിരുന്നുവെന്നും ദൃസാക്ഷികളും പരിസരവാസികളുമായയ വീട്ടമ്മമാർ പറഞ്ഞു. മർദനമേറ്റ് നിലത്തു വീണവരെ വീണ്ടും തല്ലിയെന്നും ഇവർ ആരോപിച്ചു. ചിലർ ഓടി തൊട്ടടുത്തുള്ള കൽവത്തി കനാലിൽ ചാടിയാണ് രക്ഷപ്പെട്ടത്.
സംഭവമറിഞ്ഞ് ആളുകൾ കൂടിയതോടെ പൊലീസ് സ്ഥലം വിട്ടു. സംഭവത്തെ തുടർന്ന് വൻ ജനക്കൂട്ടം പ്രതിഷേധവുമായി ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനു മുന്നിലേക്ക് എത്തി. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് അസി.പൊലീസ് കമ്മിഷണർ ജി.ഡി.വിജയകുമാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ജനം പിരിഞ്ഞുപോയത്. സുരക്ഷ കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസുകാരും എത്തിയിരുന്നു.