സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അന്തരിച്ചതായി എയര്‍ ഫോഴ്‌സ്

ചെന്നൈ: തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി അന്തരിച്ചതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. എയര്‍ഫോഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത് അടക്കം 13 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ഡിഎസ്എസ്‌സിയിലെ ഡയറക്ടിംഗ് സ്റ്റാഫ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് രക്ഷപ്പെട്ട് ചികിത്സയിലുള്ളതെന്നാണ് എയര്‍ഫോഴ്‌സ് ട്വീറ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും സംഘവും ഡല്‍ഹിയില്‍ നിന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. ഡിഫന്‍സ് സര്‍വീസസ് കോളേജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു സംഘത്തിന്റെ യാത്ര.