ആലപ്പുഴയിൽ കുട്ടിയെ മർദ്ദിച്ച സംഭവം : ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ക്രൂരമായി മർദിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. കുട്ടിക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുമെന്നും, ആവശ്യമെങ്കിൽ സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയും പരിശോധിക്കും. കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
സംഭവത്തിന് ശേഷം കുട്ടിയെ ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും പ്രതിയായ പിതാവ് അവിടെ എത്തിയ്‌ക്ക് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് വിവരം. ഇതേത്തുടർന്ന് കുട്ടിയെ കൊല്ലം ശൂരനാട്ടിലുള്ള കുടുംബവീട്ടിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ പിടികൂടാതെ ബന്ധുവീടുകളിൽ കുട്ടിയെ താത്കാലികമായി താമസിപ്പിക്കുന്നത് സുരക്ഷിതമല്ലന്നും അധികൃതർ വിലയിരുത്തുന്നു.
പ്രതികളെ പിടികൂടാൻ ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നിയോഗിച്ചിട്ടുണ്ട്. നൂറനാട് എസ്എച്ച്ഒ ശ്രീകുമാർ നയിക്കുന്ന എട്ടംഗ സംഘമാണ് അന്വേഷണം ഊർജിതമാക്കിയത്. കുട്ടിയെ ഇന്ന് ആലപ്പുഴ സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കാനാണ് പദ്ധതി.
Tag: Child assault incident in Alappuzha: Child Rights Commission registers suo motu case; Special investigation team formed to nab the accused