സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കണം; ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. വയനാട് ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തകന്‍ എബി ജോസ് നല്‍കിയ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ഫസ്റ്റ് എയ്ഡ് കിറ്റ് എല്ലാ സ്‌കൂളുകളിലും സജ്ജമാക്കാന്‍ പ്രധാനാധ്യപകര്‍ ശ്രദ്ധിക്കണമെന്നും ബാലവകാശ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാകുകയും, അധ്യാപകര്‍ക്ക് പ്രാഥമിക ചികിത്സാ സഹായം നല്‍കാന്‍ പരിശീലനവും നല്‍കണം. 500 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതത്തില്‍ പരിശീലനം നല്‍കാന്‍ പ്രധാന അധ്യാപകന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ആരോഗ്യ വകുപ്പിനെ സമീപിക്കാം.
എല്ലാ സ്‌കൂളുകളിലും അടിയന്തിര മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിന് ബന്ധപ്പെടാവുന്ന ആശുപത്രികള്‍, ആംബുലന്‍സ്, ഡോക്ടര്‍മാര്‍, പോലീസ്, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.അയ്യായിരം വിദ്യാര്‍ത്ഥികളില്‍ കൂടുതലുളള സകൂളുകളില്‍ പരിശീലനം ലഭിച്ച നഴ്‌സിംഗ് സ്റ്റാഫിന്റെ മുഴുവന്‍ സമയ സേവനം ഉറപ്പാക്കണമെന്നും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകള്‍ അടക്കമുളള മെഡിക്കല്‍ കിറ്റും ഫസ്റ്റ് എയ്ഡ് റൂം ക്രമീകരിക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ തല ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറപ്പെടുവിക്കണമെന്നും ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും നിരീക്ഷിച്ച് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 31 നകം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കണം.