ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഐടിഐ പ്രിൻസിപ്പൽ; പൊലീസ് കേസെടുത്തു

കാസർകോട്: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഐ ടി ഐ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മടിക്കൈ എരിക്കുളം ഐ.ടി.ഐ പ്രിൻസിപ്പൽ തിരുവനന്തപുരം സ്വദേശി ബിജുവിനെതിരെയാണ് (52) കേസെടുത്തത്. ആൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്. കേസ് എടുത്തതിന് ശേഷം ബിജു ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
പഠനത്തിൽ പിന്നാക്കമാണെന്നും കൗൺസിലിങ് ആവശ്യമായതുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് മുറിയിലെത്തിച്ച് വിദ്യാർഥിയെ പീഡിപ്പിക്കുകയുമായിരുന്നു. മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയാണ് ബിജു ലൈംഗികമായി ചൂഷണം ചെയ്തത്. താൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്നും ബിജു ഭീഷണിപ്പെടുത്തിയതായി കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഐടിഐ പ്രിൻസിപ്പൽ ലൈംഗികമായി ചൂഷണം ചെയ്ത വിവരം കുട്ടി പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
ബിജു താമസിക്കുന്ന ക്വാർട്ടേഴ്സിൽ പൊലീസെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിൽ അവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബിജുവിനെ പിടികൂടാൻ നീലേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ സ്വദേശമായ തിരുവനന്തപുരത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബിജുവിൻറെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.