കൊവിഡ്: അടുത്ത രണ്ടാഴ്ച അതിനിര്‍ണായകമായേക്കുമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അടുത്ത രണ്ടാഴ്ച അതിനിര്‍ണായകമായേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തി പിന്നീടു കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആ സമയത്ത് ചികിത്സയിലുള്ളവര്‍ നാലു ലക്ഷത്തോളമാകും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എണ്ണം മേയ് അവസാനം വരെ ഉയര്‍ന്നു നില്‍ക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേതുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കാന്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കൊവിഡ് ബാധിതര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഏതൊക്കെ രോഗികള്‍ക്കാണ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമെന്നു കണ്ടെത്താന്‍ പ്രായോഗിക മാനദണ്ഡങ്ങള്‍ തയാറാക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.