CrimeLatest NewsUncategorized

മലപ്പുറത്ത് ഇതര സംസ്ഥാന ദമ്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി

മലപ്പുറം: മമ്പാട് ഇതര സംസ്ഥാന ദമ്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി. നാട്ടുകാരും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെയായിരുന്നു മാതാപിതാക്കൾ പൂട്ടിയിട്ടത്. ദിവസങ്ങളായി കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അവശനിലയിലായ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷണം നൽകാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ദമ്പതികൾ പുറത്തുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ പൂട്ട് തകർത്ത് കയറി പരിശോധിച്ചപ്പോൾ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ച കുട്ടികൾക്ക് വെള്ളവും ബിസ്‌കറ്റും മറ്റും നൽകി. ഇതോടെ കുട്ടികളുടെ നില അൽപം മെച്ചപ്പെട്ടു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും കുട്ടികൾ ഇവരുടേത് തന്നെയാണോ എന്നു ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആശുപത്രിയിലെത്തിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ കുട്ടികൾ തങ്ങളുടേത് തന്നെയാണെന്നും പുറത്തിറങ്ങി പോകാതിരിക്കാനാണ് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button