അരുണാചലില്‍ കടന്നുകയറാന്‍ ചൈനീസ് ശ്രമം
ന്യുഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനയുടെ നുഴഞ്ഞുകയറ്റശ്രമം. ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളത്തിന്റെ നുഴഞ്ഞുകയറ്റം അതിശക്തിയായി പ്രതിരോധിച്ചു. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ പെടുന്ന യാങ്സെയിലാണ് ചൈനീസ് സേന കടന്നുകയറിയത്. ഇതേതുടര്‍ന്ന് ഇരുസേനകളും തമ്മില്‍ ഏതാനും മണിക്കൂര്‍ നേരിയ സംഘര്‍ഷം ഉണ്ടായതായും കൈയേറ്റ ശ്രമങ്ങള്‍ നടന്നതായുമാണ് പുറത്തുവന്നിരിക്കുന്ന വിവരം. കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
യഥാര്‍ഥ നിയന്ത്രണരേഖ (എല്‍എസി)യിലായിരുന്നു കടന്നുകയറ്റം. ഇരുസേനയും സ്വന്തം അതിര്‍ത്തിയില്‍ പട്രോളിംഗ് തുടരുകയാണെന്നും പ്രതിരോധ വകുപ്പുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞമാസം ഉത്തരാഖണ്ഡില്‍ ചൈനീസ് സേന എല്‍എസി ലംഘിക്കാന്‍ ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പത്ത് ദിവസങ്ങള്‍ക്കു മുന്‍പാണ് കടന്നുകയറാന്‍ ശ്രമമുണ്ടായത്. ഇരുന്നൂറോളം ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നു. എന്നാല്‍ കമാന്‍ഡര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഇരുവിഭാഗവും പിന്മാറി. സൈനികര്‍ക്കോ പ്രതിരോധ ഉപകരണങ്ങള്‍ക്കോ നാശമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വകുപ്പ് പറഞ്ഞു.